Banner Ads

അവയവങ്ങളെ ബാധിക്കുമെന്ന് വ്യക്തം; അർബുദത്തിന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം : മദ്യക്കുപ്പികൾക്ക് പുറത്ത് അർബുദത്തിന് കാരണമാകുമെന്ന പ്രത്യേക ലേബൽ പതിപ്പിക്കണമെന്ന ആവശ്യം തള്ളി മനുഷ്യാവകാശ കമ്മീഷൻ. മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന മുന്നറിയിപ്പ് ഇംഗ്ലീഷിലും മലയാളത്തിലും രേഖപ്പെടുത്തുന്നുണ്ടെന്നും ഇതിൽ മദ്യപാനം മൂലമുണ്ടാകുന്ന എല്ലാ ഗുരുതര രോഗങ്ങളും ഉൾപ്പെടുമെന്നും കമ്മീഷൻ നിരീക്ഷിച്ചു.

മദ്യപാനം ശരീരത്തിലെ വിവിധ അവയവങ്ങളെ ബാധിക്കുമെന്നും മാരകമായ രോഗങ്ങൾക്ക് കാരണമാകുമെന്നും ആരോഗ്യത്തിന് ഹാനികരം എന്ന ലേബലിൽ നിന്ന് വ്യക്തമാണ്. അതിനാൽ അർബുദത്തിന്റെ കാര്യം മാത്രം പ്രത്യേകം എടുത്തു പറയേണ്ടതില്ലെന്ന് കെ ബൈജുനാഥ് വ്യക്തമാക്കി.

ഓരോ രോഗത്തെക്കുറിച്ചും പ്രത്യേകം മുന്നറിയിപ്പുകൾ കുപ്പികളിൽ രേഖപ്പെടുത്തുന്നത് പ്രായോഗികമല്ലെന്ന് എക്സൈസ് കമ്മീഷണർ കമ്മീഷനെ അറിയിച്ചു. അമിത മദ്യപാനം കരൾവീക്കം ഉൾപ്പെടെയുള്ള നിരവധി രോഗങ്ങൾക്ക് കാരണമാകുന്നുണ്ട്. കാവുംപുറം സ്വദേശി സിഎസ് സജീവ് കുമാർ സമർപ്പിച്ച പരാതിയിന്മേലാണ് കമ്മീഷൻ നടപടി സ്വീകരിച്ചത്.