
ഇറാനെതിരെ അതിശക്തമായ സൈനിക നീക്കത്തിന് ഉത്തരവിടുമെന്ന് പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിൻവാങ്ങി. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി രണ്ടാഴ്ചത്തെ വെടിനിർത്തലിന് ട്രംപ് സമ്മതിച്ചു. പാകിസ്ഥാൻ മുന്നോട്ടുവെച്ച നയതന്ത്ര നിർദ്ദേശങ്ങൾ പരിഗണിച്ചാണ് ഈ മാറ്റമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.
ആക്രമണ ഭീഷണി രണ്ടാഴ്ചത്തേക്ക് നീട്ടിവെച്ചു. ഈ സമയത്തിനുള്ളിൽ നയതന്ത്ര ചർച്ചകളിലൂടെ ശാശ്വത പരിഹാരം കണ്ടെത്താനാണ് നീക്കം. വെടിനിർത്തൽ നിലനിൽക്കണമെങ്കിൽ ഇറാൻ ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കണമെന്ന നിബന്ധന ട്രംപ് മുന്നോട്ടുവെച്ചു.
ഇറാനുമായുള്ള യുദ്ധം ഒഴിവാക്കാൻ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നേരിട്ട് ട്രംപുമായി സംസാരിച്ചിരുന്നു. നയതന്ത്ര ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും ആക്രമണം ഒഴിവാക്കണമെന്നുമുള്ള പാകിസ്ഥാന്റെ അഭ്യർത്ഥന ട്രംപ് അംഗീകരിക്കുകയായിരുന്നു. ഏപ്രിൽ 10ന് ഇസ്ലാമാബാദിൽ ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ പങ്കെടുക്കുന്ന ചർച്ച നടക്കുമെന്നാണ് റിപ്പോർട്ട്.
നേരത്തെ, ഇറാന്റെ ഊർജ്ജ നിലയങ്ങളും പശ്ചാത്തല സൗകര്യങ്ങളും തകർക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ ഐക്യരാഷ്ട്രസഭയും യുഎസ് കോൺഗ്രസിലെ ഡെമോക്രാറ്റിക് അംഗങ്ങളും രംഗത്തെത്തിയിരുന്നു. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുന്നത് യുദ്ധക്കുറ്റമാകുമെന്ന് യുഎൻ മുന്നറിയിപ്പ് നൽകിയിരുന്നു.
ആഗോളതലത്തിൽ ഉയർന്ന സമ്മർദ്ദവും ട്രംപിന്റെ ഇപ്പോഴത്തെ പിൻവാങ്ങലിന് കാരണമായിട്ടുണ്ട്. ഇറാൻ മുന്നോട്ടുവെച്ച 10 ഇന നിർദ്ദേശങ്ങൾ ചർച്ചകൾക്ക് അടിസ്ഥാനമാക്കാമെന്ന് ട്രംപ് സൂചിപ്പിച്ചു.