
റിയാദ് : പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം. നിലവിലെ സാഹചര്യം കണക്കിലെടുത്ത് അതീവ ജാഗ്രത പാലിക്കണമെന്നും അടിയന്തരമായി നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ ലഭ്യമായ വിമാന സർവീസുകളെ പ്രയോജനപ്പെടുത്തണമെന്നും റിയാദ് എംബസി അറിയിച്ചു. ടെഹ്‌റാനിലുണ്ടായിരുന്ന ഭൂരിഭാഗം ഇന്ത്യൻ വിദ്യാർത്ഥികളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി ഇറാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
വിദ്യാർത്ഥികൾക്ക് ആവശ്യമായ ഭക്ഷണവും താമസസൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്. എംബസികളുമായും നോർക്കയുമായും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കാൻ പ്രവാസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. യുദ്ധത്തെത്തുടർന്ന് വ്യോമപാതകൾ അടച്ചതും വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതും ഗൾഫ് മേഖലയിലെ നിർമ്മാണ തൊഴിലാളികൾ മുതൽ മെഡിക്കൽ വിദ്യാർത്ഥികൾ വരെയുള്ളവരെ ആശങ്കയിലാഴ്ത്തിയിരുന്നു.