Banner Ads

അനിശ്ചിതകാല അടച്ചിടലിന് വിരാമം; കാലിക്കറ്റ് സർവകലാശാല ഒക്ടോബർ 21-ന് തുറക്കും

കോഴിക്കോട് : വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിനെത്തുടർന്നുണ്ടായ അക്രമസംഭവങ്ങളെ തുടർന്ന് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരുന്ന കാലിക്കറ്റ് സർവകലാശാലാ പഠനവകുപ്പുകളിലെ ക്ലാസുകൾ ഒക്ടോബർ 21-ന് പുനരാരംഭിക്കും. ഹോസ്റ്റലുകൾ ഒക്ടോബർ 20-ന് തുറക്കുമെന്നും ക്ലാസുകൾ 21-ന് തുടങ്ങുമെന്നുമാണ് വൈസ് ചാൻസലർ അറിയിച്ചിട്ടുള്ളത്.

സീരിയൽ നമ്പറും റിട്ടേണിംഗ് ഓഫീസറുടെ ഒപ്പുമില്ലാത്ത ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടത്തിയ തെരഞ്ഞെടുപ്പ് ചട്ടവിരുദ്ധമാണെന്ന പരാതി അംഗീകരിച്ചതിനെ തുടർന്ന് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. തെരഞ്ഞെടുപ്പ് പൂർത്തിയായ സാറ്റലൈറ്റ് കാമ്പസുകളിലെ യൂണിയനുകളുടെ പ്രവർത്തനം തൽക്കാലം തടയാനും വി.സി. നിർദ്ദേശിച്ചു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങൾ ഉൾപ്പെടെ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സീനിയർ അധ്യാപകരടങ്ങിയ അഞ്ചംഗ കമ്മിറ്റിയെ വി.സി. നിയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിലും വോട്ടെണ്ണലിലും കാമ്പസിൽ വ്യാപകമായ സംഘർഷമാണ് ഉണ്ടായത്.

കള്ളവോട്ട് ആരോപണത്തെ തുടർന്ന് എസ്.എഫ്.ഐ.-യു.ഡി.എസ്.എഫ്. പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു പോലീസുകാരനടക്കം ഇരുപത് പേർക്ക് പരിക്കേറ്റിരുന്നു. ഇതിനെത്തുടർന്ന് വോട്ടെണ്ണൽ നിർത്തിവെക്കുകയും ബാലറ്റ് പേപ്പറുകൾ സ്ട്രോംഗ് റൂമിലേക്ക് മാറ്റുകയും ചെയ്തിരുന്നു.