Banner Ads

വൈപ്പിനിൽ ദമ്പതികളെ വീടിനുള്ളിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം:വൈപ്പിൻ എളംകുന്നപ്പുഴയിൽ ദമ്പതികളെ വീടിനുള്ളിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സുധാകരൻ (75), ഭാര്യ ജിജി ഭായി (70) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

സംഭവസ്ഥലത്ത്, വൈദ്യുതി വയർ സുധാകരന്റെ കാലിൽ ചുറ്റിയ നിലയിലും പ്ലഗിന്റെ സ്വിച്ച് ഓൺ ചെയ്ത നിലയിലുമായിരുന്നു. ജിജിയുടെ മൃതദേഹം ഭർത്താവിന്റെ ദേഹത്ത് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഏകദേശം രണ്ട് ദിവസം മുൻപാണ് മരണം സംഭവിച്ചതെന്നാണ് പോലീസ് കരുതുന്നത്.

ദിവസങ്ങളായി ഇരുവരെയും വീടിന് പുറത്ത് കാണാത്തതിനെ തുടർന്ന് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരും താമസിച്ചിരുന്ന വാടക വീടിന്റെ വാതിൽ കയർ ഉപയോഗിച്ച് കെട്ടിവെച്ച നിലയിലായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളാണ് ഈ ദാരുണമായ അന്ത്യത്തിലേക്ക് നയിച്ചതെന്നാണ് സൂചന. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.