
തിരുവനന്തപുരം: യൂബർ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ അധ്യാപിക മറന്നുവെച്ച മൊബൈൽ ഫോൺ മിന്നൽ വേഗത്തിൽ കണ്ടെത്തി തിരുവനന്തപുരം സിറ്റി സൈബർ സെൽ. ഇന്ന് രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെയാണ് പ്രീതി എന്ന അധ്യാപികയ്ക്ക് തന്റെ വിലപ്പെട്ട മൊബൈൽ ഫോൺ നഷ്ടമായത്.
ഫോൺ ഓട്ടോയിൽ വെച്ച് പോയതാണെന്ന് തിരിച്ചറിഞ്ഞ ഉടൻ തന്നെ അധ്യാപിക സിറ്റി സൈബർ സെല്ലിനെ വിവരം അറിയിച്ചു. പരാതി ലഭിച്ചയുടൻ സൈബർ സെൽ ഉദ്യോഗസ്ഥരായ ദിനേഷ് കുമാർ, ശ്രീജിത്ത്, ഷിനുരാജ് എന്നിവർ ചേർന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് വെറും ഒരു മണിക്കൂറിനുള്ളിൽ ഫോൺ വീണ്ടെടുക്കാനായത്.
യൂബർ ഓട്ടോയിലെ ഡ്രൈവർ തന്റെ വാഹനത്തിൽ ഫോൺ ഇരിക്കുന്ന കാര്യം ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ സൈബർ സെൽ ഫോണിന്റെ ലൊക്കേഷൻ പരിശോധിച്ചപ്പോൾ അത് നഗരപരിധിയിൽ തന്നെ ഉണ്ടെന്ന് വ്യക്തമായി. തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ ഡ്രൈവറെ ഫോണിൽ ബന്ധപ്പെടുകയും മൊബൈൽ ഫോൺ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയുമായിരുന്നു. വീണ്ടെടുത്ത ഫോൺ തിരുവനന്തപുരം ഡിസിപി ടി. ഫറാഷ് അധ്യാപികയ്ക്ക് കൈമാറി. പോലീസിന്റെ കൃത്യസമയത്തുള്ള ഇടപെടലിന് അധ്യാപിക നന്ദി അറിയിച്ചു.