
കണ്ണൂർ : കേരളത്തിന്റെ വികസന കുതിപ്പിന് എൽഡിഎഫ് തന്നെ വേണമെന്ന് ജനങ്ങൾക്കറിയാമെന്നും 2021ൽ ലഭിച്ചതിനേക്കാൾ മികച്ച ഭൂരിപക്ഷത്തോടെ ഇടതുമുന്നണി അധികാരത്തിൽ തിരിച്ചെത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തെ 2031ഓടെ ലോകനിലവാരത്തിലുള്ള വികസിത സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള കൃത്യമായ പ്ലാൻ മുന്നിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവകേരളം എന്നത് വെറുമൊരു സ്വപ്നമല്ലെന്നും പ്രാവർത്തികമാക്കാൻ കഴിയുന്ന പദ്ധതിയാണെന്നും അദ്ദേഹം കൂട്ടിചേർത്തു. കഴിഞ്ഞ പത്തുവർഷമായി സർക്കാർ ജനങ്ങൾക്കൊപ്പമാണ് യാത്ര ചെയ്തത്.
ആ യാത്ര തുടരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. പ്രതിസന്ധികൾക്കിടയിലും നാടിനെ മുന്നോട്ട് നയിക്കാൻ എൽഡിഎഫിന് കഴിഞ്ഞു. വികസനത്തുടർച്ചയ്ക്ക് എൽഡിഎഫ് അല്ലാതെ മറ്റൊരു ബദൽ കേരളത്തിലില്ല. നുണപ്രചരണങ്ങൾ കൊണ്ട് സർക്കാരിനെ തകർക്കാമെന്ന് ആരും കരുതേണ്ട. ജനങ്ങളാണ് ഞങ്ങളുടെ ശക്തി. ജനങ്ങളെ ഞങ്ങൾ പൂർണ്ണമായും വിശ്വസിക്കുന്നു.
പണവും വർഗീയതയും വേറെയാണെന്നും ഇത്തരം സ്വാധീനങ്ങൾ കൊണ്ട് ജനങ്ങളെ മാറ്റാൻ കഴിയില്ലെന്നും പിണറായി പറഞ്ഞു. വോട്ടർമാരുടെ മുഖത്തെ തിളക്കം താൻ നേരിട്ട് കണ്ടതാണ്. വർഗീയ പ്രചരണം കൊണ്ട് അത് ഇല്ലാതാക്കാനാവില്ല.
രണ്ട് ജില്ലകളൊഴികെ കേരളത്തിലെ എല്ലാ ഭാഗങ്ങളിലും പര്യടനം നടത്തിയതായും എൽഡിഎഫിന് അനുകൂലമായ വലിയ തരംഗം സംസ്ഥാനത്തുണ്ടെന്നും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.