
തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ കേന്ദ്രവുമായി കരാറിൽ ഒപ്പിട്ടത് മന്ത്രിസഭാ യോഗത്തിൽ അറിയിച്ചിട്ടില്ലെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. പത്രമാധ്യമങ്ങളിലൂടെയാണ് താനും സിപിഐ മന്ത്രിമാരും വിവരം അറിഞ്ഞതെന്നും മന്ത്രി പറഞ്ഞു. പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കാൻ പാടില്ലെന്ന് സിപിഐ മന്ത്രിമാർ തീർത്തു പറഞ്ഞിരുന്നു.
മന്ത്രിസഭയിൽ വിഷയം ചർച്ച ചെയ്തപ്പോഴും സിപിഐ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. അത്തരമൊരു പദ്ധതിയിൽ എങ്ങനെയാണ് ഒപ്പിട്ടതെന്നോ ആരാണ് ഒപ്പിട്ടതെന്നോ സിപിഐ മന്ത്രിമാർക്ക് അറിയില്ല. പദ്ധതി നടപ്പാക്കിയാൽ കേരളത്തിലെ പാഠപുസ്തകങ്ങളിൽ സംഘപരിവാർ അജണ്ട നടപ്പിലാക്കേണ്ടി വരുമെന്ന് സിപിഐ മുന്നറിയിപ്പ് നൽകിയിരുന്നു.
പിഎം ശ്രീ വിഷയത്തിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് ഒക്ടോബർ 27-ന് ചേരുന്ന പാർട്ടിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനമുണ്ടാകുമെന്നും അക്കാര്യം സംസ്ഥാന സെക്രട്ടറി അറിയിക്കുമെന്നും മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. മന്ത്രിസഭയിൽ തുടരണമോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളും ഈ യോഗത്തിൽ ചർച്ച ചെയ്യും. യുഡിഎഫിലേക്ക് പോകേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ലെന്നും അങ്ങനെയൊരു കാര്യം ചിന്തിക്കാൻ പോലും കഴിയില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.