കൊച്ചി : സംവിധായകരായ ഖാലിദ് റഹ്മാനും അഷ്‌റഫ് ഹംസയും കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായിരിക്കുകയാണ്. ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിനിടെയായിരുന്നു സംഭവം. നിലവിൽ ഇവരടക്കം മൂന്നു പേരെയാണ് എക്‌സൈസിന്റെ മിന്നൽ പരിശോധനയിൽ ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസിന്റെ പരിശോധന.
ഇവര്‍ പിടിയിലായ ഫ്‌ളാറ്റില്‍ സ്ഥിരമായി ആളുകള്‍ കഞ്ചാവും മറ്റു ലഹരി വസ്തുക്കളും ഉപയോഗിക്കുന്നതിനായി ഒത്തുകൂടാറുണ്ടെന്ന് വിവരം ലഭിച്ചതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംവിധായകന്‍ തന്നെയായ സമീര്‍ താഹിറിന്റെ ഉടമസ്ഥതിയിലുള്ളതാണ് ഈ ഫ്‌ളാറ്റെന്നാണ് എക്‌സൈസ് വ്യക്തമാക്കുന്നത്.ഗോശ്രീ പാലത്തിന് സമീപമുള്ള പൂര്‍വ്വഗ്രാന്‍ഡ്‌ബേയിലുള്ള 506-ാം നമ്പർ ഫ്‌ളാറ്റില്‍നിന്നാണ് ഇവരെ പിടികൂടിയത്.
അതിനു ശേഷമാണ് പിടിയിലായ ഖാലിദ് റഹ്മാനും അഷ്‌റഫ് ഹംസയും നാലഞ്ചു വര്‍ഷമായി സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്ന് എക്‌സൈസ് ഇതിനോടകം അറിയിച്ചത്.ഇവര്‍ക്ക് കഞ്ചാവ് നല്‍കിയവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്.അത് സംബന്ധിച്ച് തുടരന്വേഷണം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. 1.6 ഗ്രാം കഞ്ചാവ് ആണ് സംവിധായകരില്‍നിന്ന് പിടികൂടിയത്. അളവില്‍ കുറവായതിനാല്‍ ഇവര്‍ക്ക് സ്റ്റേഷന്‍ ജാമ്യം ലഭിക്കുകയായിരുന്നു.
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ നേരത്തെ പിടിയിലായിരുന്നു. ആലപ്പുഴയിലെ റിസോര്‍ട്ടില്‍നിന്ന് ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലിമ സുല്‍ത്താന എന്ന സ്ത്രീയും ഭര്‍ത്താവും സിനിമാ മേഖലയിലുള്ളവര്‍ക്ക് ലഹരി വിതരണം ചെയ്തിരുന്നതായും നേരത്തെ എക്‌സൈസ് സംഘം കണ്ടെത്തിയിരുന്നു.കൊച്ചിയില്‍ പിടിയിലായ ഖാലിദ് റഹ്മാനും അഷ്‌റഫ് ഹംസയ്ക്കും ഇവരുമായി ബന്ധമുണ്ടോ എന്നത് സംബന്ധിച്ചും വ്യക്തമല്ല. ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കുമെന്ന് എക്‌സൈസ് അറിയിച്ചിട്ടുണ്ട്.
നിലവിൽ ആലപ്പുഴ ജിംഖാന, തല്ലുമാല തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് പിടിയിലായ ഖാലിദ്. തമാശ, ഭീമന്റെ വഴി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് അഷ്‌റഫ് ഹംസ എന്നിവർ. എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ സിനിമയിൽ ശുദ്ധീകരണം വേണമെന്നാണ് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് അഭിപ്രായപ്പെടുന്നത്.