
കൊല്ലം : സ്വകാര്യ ബസുകളുടെ അമിതമായ ഹോൺ ഉപയോഗത്തിനും അപകടകരമായ ഓട്ടത്തിനുമെതിരെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. സ്വകാര്യ ബസുകളുടെ ഹോണടി പൊതു ശല്യമാണെന്ന് മന്ത്രി പറഞ്ഞു. വിദേശ രാജ്യങ്ങളിലൊക്കെ ആണെങ്കിൽ ഈ ഹോണടി കേട്ട് ദേഷ്യം വരുന്നവർ തോക്ക് എടുത്ത് വെടിവെച്ച് കളയുമെന്നും ഗണേഷ് പറഞ്ഞു. ബസുകൾ ആദ്യമെത്താൻ വേണ്ടിയുള്ള മരണപ്പാച്ചിലാണ് നടത്തുന്നത്.
ഇത് ഒരു കാരണവശാലും അനുവദിക്കില്ലെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. നേരത്തെ കൊച്ചിയിലെ സ്വകാര്യ ബസുകൾ നടത്തിയ മിന്നൽ പണിമുടക്കിനോടും മന്ത്രി ഗണേഷ് കുമാർ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. എത്ര വേണമെങ്കിലും പണിമുടക്ക് നടത്തിക്കോളൂ എന്നും സ്വകാര്യ ബസുകൾ പണിമുടക്കുന്ന റൂട്ടുകളിൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുമെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.