Banner Ads

ചൂട് വീണ്ടും കനക്കുന്നു, വോട്ടെടുപ്പ് നാളിൽ കേരളം ചുട്ടുപൊള്ളും; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കോട്ടയം : കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച മഴയ്ക്ക് പിന്നാലെ സംസ്ഥാനത്ത് വീണ്ടും താപനില ഉയരുന്നു. വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 9 വ്യാഴാഴ്ച വരെ എട്ട് ജില്ലകളിൽ കടുത്ത ചൂടിന് സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പാലക്കാട് ജില്ലയിൽ താപനില 38°C വരെ ഉയരാൻ സാധ്യതയുണ്ട്.

കൊല്ലം, കോട്ടയം, തൃശൂർ ജില്ലകളിൽ 37°C വരെ ചൂട് രേഖപ്പെടുത്തിയേക്കാം. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയുണ്ട്. സാധാരണ ലഭിക്കുന്നതിനേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ചൂട് വർദ്ധിക്കാനാണ് സാധ്യത.

ഉയർന്ന താപനിലയ്‌ക്കൊപ്പം അന്തരീക്ഷത്തിലെ ഈർപ്പവും വർദ്ധിക്കുന്നത് കാരണം മലയോര മേഖലകളൊഴികെ എല്ലായിടത്തും കടുത്ത അസ്വസ്ഥത അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തെരഞ്ഞെടുപ്പ് തിരക്കുകളിൽ ഏർപ്പെടുന്നവരും വോട്ട് ചെയ്യാൻ എത്തുന്നവരും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാനും ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.