
കോഴിക്കോട് : എലത്തൂർ പുതിയാപ്പയിൽ വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച സംഭവത്തിന്റെ നടുക്കത്തിലാണ് നാട്. പുതിയാപ്പ പണ്ടാരക്കണ്ടി മനോജിന്റെ മകൻ ശ്രീനന്ദനാണ് (15) കഴിഞ്ഞ ദിവസം മരിച്ചത്. അപ്രതീക്ഷിതമായുണ്ടായ ഈ വിയോഗം പുതിയാപ്പ നിവാസികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി.
അച്ഛനും സഹോദരിക്കുമൊപ്പമാണ് ശ്രീനന്ദൻ പുത്തൂർ ക്ഷേത്രക്കുളത്തിൽ കുളിക്കാനായി എത്തിയത്. കുളിക്കുന്നതിനിടെ കുളത്തിലെ ആഴമേറിയ ഭാഗത്ത് കുടുങ്ങി ശ്രീനന്ദൻ അപകടത്തിൽപ്പെടുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.