ദില്ലി : യാത്രാ പ്ലാനുകൾ മാറുമ്പോൾ കൺഫേം ടിക്കറ്റുകൾ റദ്ദാക്കി പണം നഷ്ടപ്പെടുത്തേണ്ട അവസ്ഥ യാത്രക്കാർക്ക് ഇനി ഉണ്ടാകില്ല. കൺഫേം ആയ ട്രെയിൻ ടിക്കറ്റുകളുടെ യാത്രാ തീയതി ഇനി മുതൽ ഓൺലൈനായി ഫീസ് ഇല്ലാതെ മാറ്റാൻ സാധിക്കും. ഈ പുതിയ നയം 2026 ജനുവരി മുതൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് മാധ്യമങ്ങളോട് പറഞ്ഞു.
യാത്രക്കാർക്ക് തീയതി മാറ്റണമെങ്കിൽ പഴയ ടിക്കറ്റ് റദ്ദാക്കുകയും പുതിയ ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്യേണ്ടതുണ്ട്. റദ്ദാക്കുന്ന സമയമനുസരിച്ച് വലിയ തുക പിഴയായി ഈടാക്കുന്ന ഈ സമ്പ്രദായം യാത്രക്കാർക്ക് വളരെ ചെലവേറിയതും ബുദ്ധിമുട്ടുള്ളതുമാണ്. യാത്രക്കാർക്ക് അനുകൂലമായ മാറ്റങ്ങൾ നടപ്പിലാക്കാൻ റെയിൽവേ ബോർഡിന് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.