Banner Ads

ക്ഷേത്രത്തിൽ നിന്ന് സ്വർണ്ണവും പണവും, വഴിയോര കച്ചവട സ്ഥാപനത്തിൽ നിന്ന് പണവും മോഷണം പോയി; മൂന്നാറിൽ രണ്ടിടത്ത് മോഷണം

ഇടുക്കി: മൂന്നാറില്‍ രണ്ടിടങ്ങളില്‍ മോഷണം.അരുവിക്കാട് എസ്‌റ്റേറ്റ് സെന്റര്‍ ഡിവിഷനില്‍ മാരിയമ്മന്‍ ക്ഷേത്രത്തിലും എക്കോ പോയിന്റിലെ ഒരു വഴിയോര വില്‍പ്പനശാലയിലുമാണ് മോഷണം നടന്നത്.ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണ്ണാഭരണവും പണവും കവര്‍ന്നപ്പോള്‍ വഴിയോരവില്‍പ്പന ശാലയില്‍ നിന്ന് പണവും കടയിലുണ്ടായിരുന്ന ചില സാധന സാമഗ്രികളും മോഷണം പോയി.

ഒരിടവേളക്ക് ശേഷമാണ് മൂന്നാര്‍ മേഖലയില്‍ വീണ്ടും മോഷണ സംഭവങ്ങള്‍ ഉണ്ടാകുന്നത്.രണ്ടിടങ്ങളിലാണ് മൂന്നാറില്‍ മോഷണം നടന്നിട്ടുള്ളത്.അരുവിക്കാട് എസ്‌റ്റേറ്റ് സെന്റര്‍ ഡിവിഷനില്‍ മാരിയമ്മന്‍ ക്ഷേത്രത്തില്‍ മോഷണം നടന്നു.ക്ഷേത്രത്തിന്റെ പൂട്ട് തകര്‍ത്ത് വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന നാല് പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല മോഷ്ടാവ് കവര്‍ന്നു.ക്ഷേത്രത്തിന്റെ ഭണ്ഡാരം തകര്‍ത്ത് ഉള്ളിലുണ്ടായിരുന്ന പണവും മോഷ്ടാവ് കൈക്കലാക്കി.

ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന പഴയ നാണയങ്ങളുടെ ശേഖരവും കള്ളന്‍ കവര്‍ന്നു.പണമടക്കം നാല് ലക്ഷത്തോളം രൂപയുടെ മോഷണം ക്ഷേത്രത്തില്‍ നടന്നതായാണ് ക്ഷേത്രം ഭാരവാഹികള്‍ നല്‍കുന്ന വിവരം.സംഭവത്തില്‍ ക്ഷേത്രം ഭാരവാഹികള്‍ ദേവികുളം പോലീസില്‍ പരാതി നല്‍കി.മൂന്നാര്‍ എക്കോ പോയിന്റിലാണ് മറ്റൊരു മോഷണം നടന്നിട്ടുള്ളത്.പ്രദേശത്തെ ഒരു വഴിയോര വില്‍പ്പന കേന്ദ്രത്തിലാണ് മോഷ്ടാവ് കയറിയത്.

വഴിയോര കച്ചവടക്കാരനായ ശേഖറിന്റെ കടയിലാണ് മോഷണം നടന്നത്.കടയിലുണ്ടായിരുന്ന പണവും മറ്റ് ചില സാധന സാമഗ്രികളും കള്ളന്‍ അപഹരിച്ചു.നാളുകള്‍ക്ക് മുമ്പ് തോട്ടം മേഖലയിലെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചും വഴിയോര വില്‍പ്പന ശാലകളിലും കള്ളന്‍ കയറുന്ന സംഭവങ്ങള്‍ വര്‍ധിച്ചിരുന്നു.പോലീസ് ജാഗ്രത കടുപ്പിച്ചതോടെ മോഷണ സംഭവങ്ങള്‍ കുറഞ്ഞിരുന്നു.ഇടവേളക്ക് ശേഷമാണിപ്പോള്‍ വീണ്ടും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.