
മലയാള സിനിമയിലെ റെക്കോർഡ് വിജയങ്ങളുടെ തുടർച്ചയായ ദൃശ്യം 3യുടെ റിലീസ് തീയതിയിൽ മാറ്റം. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ഏപ്രിൽ 2ന് തിയേറ്ററുകളിൽ എത്തില്ലെന്ന് നിർമ്മാതാക്കൾ ഔദ്യോഗികമായി അറിയിച്ചു. ചിത്രം മെയ് 21ന് പ്രദർശനത്തിനെത്തും.
മോഹൻലാലിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് റിലീസ് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഭൂതകാലം ഒരിക്കലും നിശബ്ദമാവുന്നില്ല, അത് കാത്തിരിക്കുക മാത്രം ചെയ്യുന്നു എന്ന ആകാംക്ഷ ഉണർത്തുന്ന വാചകത്തോടു കൂടിയ പോസ്റ്റർ പങ്കുവെച്ചാണ് ആശിർവാദ് സിനിമാസ് വിവരം പുറത്തുവിട്ടത്.
പശ്ചിമേഷ്യൻ സംഘർഷം ഗൾഫ് മേഖലയിലെ റിലീസിനെ ബാധിക്കുമെന്ന ആശങ്കയാണ് ഇതിന് പിന്നിലെന്നാണ് സൂചന. ജയസൂര്യയുടെ ആട് 3 തിയേറ്ററുകളിൽ മികച്ച കളക്ഷനുമായി മുന്നേറുന്ന പശ്ചാത്തലത്തിൽ ദൃശ്യം 3യും കൃത്യസമയത്ത് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകർക്ക് ഈ വാർത്ത ഒട്ടൊന്നുമല്ല നിരാശയുണ്ടാക്കുന്നത്.
ഒരു ജഗപൊഗ പ്രതീക്ഷിച്ചു തിയേറ്ററിലേക്ക് വരരുത്. ജോർജുകുട്ടിയുടെ ഇമോഷനുകളിലൂടെയാണ് ഈ ഭാഗം സഞ്ചരിക്കുന്നത്. മുൻവിധികളില്ലാതെ വന്നാൽ നിരാശപ്പെടേണ്ടി വരില്ലെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞു.