കോട്ടയം: ഏറ്റുമാനൂരില്‍ മീനച്ചിലാറ്റില്‍ ചാടി ജീവനൊടുക്കിയ യുവതിയുടെയും മക്കളുടെയും സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും.അഭിഭാഷക ജിസ്മോള്‍, മക്കളായ നേഹ, നോറ എന്നിവരുടെ സംസ്കാര ചടങ്ങുകളാണ് ഇന്ന് നടക്കുന്നത്. ക്നാനായ സഭയുടെ നിയമങ്ങളില്‍ വിട്ടുവീഴ്ച്ച ചെയ്ത് ജിസ്മോളുടെ നാട്ടിലെ പള്ളിയിലാണ് സംസ്കാര ചടങ്ങുകള്‍.ക്നാനായ കത്തോലിക്ക സഭയുടെ നിയമം അനുസരിച്ച് വിവാഹിതയായ സ്ത്രീയുടെ സംസ്കാര ചടങ്ങുകള്‍ നടത്തേണ്ടത് ഭർത്താവിന്റെ ഇടവക പള്ളിയിലാണ്.
എന്നാല്‍, ജിസ്മോളുടെയും മക്കളുടെയും മരണത്തിന് കാരണം ഭർത്താവും വീട്ടുകാരുമാണെന്നാരോപിച്ച യുവതിയുടെ കുടുംബം സംസ്കാര ചടങ്ങുകള്‍ ജിസ്മോളുടെ ഭർത്താവിന്റെ ഇടവക പള്ളിയില്‍ നടത്താനാകില്ലെന്ന നിലപാടെടുത്തു. ഇതേ തുടർന്ന് സഭാ നേതൃത്വം രണ്ട് ദിവസത്തോളം നടത്തിയ ചർച്ചകളുടെയും കൂടിയാലോചനകളുടെയും ഒടുവിലാണ് ജിസ്മോളുടെ ജന്മനാട്ടിലെ പള്ളിസെമിത്തേരിയില്‍ സംസ്കാരം നടത്താൻ അനുമതി നല്‍കിയത്.
ജിസ്മോളുടെ നാടായ പാലാ പടിഞ്ഞാറ്റിങ്കര പൂവത്തുങ്കലില്‍ ചെറുകര സെന്റ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയിലാണ് മൂന്നുപേരുടെയും മൃതദേഹങ്ങള്‍ സംസ്കരിക്കുക. ഇന്നു വൈകിട്ട് 3.30നാണ് സംസ്കാരം. മൃതദേഹങ്ങള്‍ രാവിലെ ഒമ്ബതു മണിക്ക് ജിസ്മോളുടെ ഭർത്താവ് ജിമ്മിയുടെ ഇടവകയായ നീറിക്കാട് ലൂർദ് മാതാ പള്ളി ഹാളില്‍ എത്തിക്കും. തുടർന്ന് ഒന്നര മണിക്കൂർ ഇവിടെ പൊതുദർശനമുണ്ടാകും. അതേസമയം, ജിമ്മിയുടെ വീട്ടിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോകില്ല. പൊതുദർശനത്തിനുശേഷം ഉടൻ മൃതദേഹങ്ങള്‍ പാലായിലേക്ക് കൊണ്ടുപോകും.
ജിസ്മോളുടെയും മക്കളുടെയും മൃതദേഹം നിലവില്‍ പാലായിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലാണ്.ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കല്‍ ജിമ്മിയുടെ ഭാര്യയായ ജിസ്‌മോള്‍ തോമസ്, മക്കളായ നോഹ(5), നോറ(2) എന്നിവരാണ് ചൊവ്വാഴ്ച്ച ഉച്ചയോടെ മീനച്ചിലാറ്റില്‍ ചാടി മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ജിസ്മോള്‍ കുഞ്ഞുങ്ങളുമായി മീനച്ചിലാറ്റില്‍ ചാടിയത്. പുഴയില്‍ ചൂണ്ടയിടാനെത്തിയവരാണ് ഒഴുകി എത്തുന്ന നിലയില്‍ ജിസ്മോളെയും കുഞ്ഞുങ്ങളെയും കണ്ടത്. തുടർന്ന് ഏറെനേരത്തെ പരിശ്രമത്തിനൊടുവില്‍ കരയ്‌ക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല