കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ നാട്ടുകാർ നടത്തിയ പ്രതിഷേധം വൻ സംഘർഷത്തിൽ കലാശിച്ചു. സംഘർഷത്തിനിടെ ഫ്രഷ് കട്ട് ഫാക്ടറിക്ക് തീയിട്ടു.
സംഘർഷത്തിൽ കോഴിക്കോട് റൂറൽ എസ്.പി. ഉൾപ്പെടെ 20-ൽ അധികം പോലീസുകാർക്കും നിരവധി നാട്ടുകാർക്കും പരിക്കേറ്റിട്ടുണ്ട്. കല്ലേറിൽ താമരശ്ശേരി എസ്.എച്ച്.ഒ. ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. പരിക്കേറ്റ എസ്.പി.യെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്ത്രീകളടക്കമുള്ളവരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.
പ്രതിഷേധക്കാർ കല്ലെറിഞ്ഞതിനെത്തുടർന്ന് പോലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. നേരത്തെയും ഈ അറവു മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇത്രയും വലിയ സംഘർഷത്തിലേക്ക് എത്തിയിരുന്നില്ല.