
കോട്ടയം : മലയിഞ്ചിപ്പാറ സെന്റ് ജോസഫ് യുപി സ്കൂളിൽ ഉച്ചഭക്ഷണത്തിൽ ഭക്ഷ്യവിഷബാധ. ഉച്ചഭക്ഷണം കഴിച്ച 33 കുട്ടികൾക്കാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സ്കൂളിൽ നിന്ന് നൽകിയ ചോറ്, മോര്, ഗ്രീൻപീസ് കറി, അച്ചാർ എന്നിവ കഴിച്ചവർക്കാണ് അസ്വസ്ഥതയുണ്ടായത്. സംഭവത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്കൂളിലെത്തി പരിശോധന നടത്തി. ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.