Banner Ads

അഞ്ച് വർഷത്തെ നരകയാതനയ്ക്ക് അറുതി; വയറ്റിൽ കത്രികയുമായി ജീവിച്ച ഉഷ ജോസഫ് വീട്ടിലേക്ക്

ആലപ്പുഴ : ചികിത്സാ പിഴവിനെത്തുടർന്ന് വയറ്റിൽ കത്രിക കുടുങ്ങി അഞ്ച് വർഷത്തോളം ദുരിതമനുഭവിച്ച ആലപ്പുഴ സ്വദേശിനി ഉഷ ജോസഫ് ആശുപത്രി വിട്ടു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ഉഷയുടെ വയറ്റിലുണ്ടായിരുന്ന കത്രിക പുറത്തെടുത്തത്. അഞ്ച് വർഷമായി അനുഭവിച്ച കഠിനമായ വേദനയ്ക്ക് ഇപ്പോൾ ആശ്വാസമുണ്ട്. ഇത്തരമൊരു അവസ്ഥ ഇനി മറ്റൊരു സ്ത്രീക്കും ഉണ്ടാകരുത്.

ഉത്തരവാദികൾക്കെതിരെ കൃത്യമായ നടപടി വേണമെന്നും മകന് ജോലി നൽകിയെങ്കിലും സഹായിക്കണമെന്നും ഉഷ പറഞ്ഞു. 2021 മെയ് മാസത്തിൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ഗർഭാശയ മുഴ നീക്കം ചെയ്യുന്നതിനായി നടത്തിയ ശസ്ത്രക്രിയയ്ക്കിടെയാണ് ഉഷയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്. കോവിഡ് കാലത്തെ ജീവനക്കാരുടെ കുറവ് ചൂണ്ടിക്കാട്ടി ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കും നഴ്സിനും ആരോഗ്യവകുപ്പ് ഇതിനോടകം ക്ലീൻ ചീറ്റ് നൽകിയിട്ടുണ്ട്.

കേസെടുത്ത പോലീസ് തുടർനടപടികൾക്കായി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ആലപ്പുഴ ഡിഎംഒയ്ക്ക് കത്ത് നൽകിയിരിക്കുകയാണ്. അഞ്ച് വർഷത്തെ ചികിത്സാ ചെലവുകളെക്കുറിച്ചോ നഷ്ടപരിഹാരത്തെക്കുറിച്ചോ സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ അനുകൂലമായ പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്ന് ഉഷയുടെ കുടുംബം ആരോപിച്ചു. ഫെബ്രുവരി 20ന് മാധ്യമങ്ങൾ ഈ വാർത്ത പുറത്തുവിട്ടതിനെത്തുടർന്ന് ആലപ്പുഴ എംപി ഇടപെട്ടാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഉഷയ്ക്ക് ചികിത്സ ഉറപ്പാക്കിയത്.