ആലപ്പുഴ: ആലപ്പുഴ എടത്വ കോഴിമുക്ക് ഗവ. എൽപി സ്കൂളിലെ മുപ്പതോളം വിദ്യാർത്ഥികളുടെ പഠനം പ്രതിസന്ധിയിലായി. അര നൂറ്റാണ്ടിലേറെ പഴക്കമുള്ള സ്കൂളിന്റെ പഴയ കെട്ടിടത്തിന്റെ ഫിറ്റ്‌നസ് റദ്ദാക്കിയതോടെയാണ് കുട്ടികൾക്ക് ക്ലാസ് മുടങ്ങിയത്. പുതിയ കെട്ടിടത്തിന് ഇതുവരെ ഫിറ്റ്‌നസ് ലഭിക്കാത്തതും കുട്ടികളെ കൂടുതൽ ദുരിതത്തിലാക്കിയിട്ടുണ്ട്.
സ്കൂളിലെ പഴയ കെട്ടിടത്തിന്റെ അപകടകരമായ അവസ്ഥ ചൂണ്ടിക്കാട്ടി പി.ടി.എ വൈസ് പ്രസിഡന്റ് കൂടിയായ ഒരു രക്ഷിതാവ് ഇന്നലെ പ്രതിഷേധിച്ചിരുന്നു. കെട്ടിടത്തിന്റെ പട്ടികകൾ ദ്രവിച്ച നിലയിലാണെന്നും ഓടുകൾ മാറ്റിയിട്ട് വർഷങ്ങളായെന്നും രക്ഷിതാവ് ചൂണ്ടിക്കാട്ടി. കുട്ടികൾക്ക് എന്ത് സുരക്ഷയാണ് ഇവിടെയുള്ളതെന്ന് അദ്ദേഹം ചോദ്യം ചെയ്തിരുന്നു. പുതിയ കെട്ടിടത്തിന് ഫിറ്റ്‌നസ് ഉറപ്പാക്കി കുട്ടികൾക്ക് സുരക്ഷയൊരുക്കണമെന്നായിരുന്നു പ്രധാന ആവശ്യം. പഴയ കെട്ടിടത്തിന് കൃത്യമായ പരിശോധന നടത്താതെയാണ് പഞ്ചായത്ത് ഈ വർഷം ഫിറ്റ്‌നസ് അനുവദിച്ചതെന്നും ആരോപണം ഉയർന്നിരുന്നു.
ഈ സംഭവം വാർത്തയായതിനെ തുടർന്ന് എടത്വ പഞ്ചായത്ത് അധികൃതർ ഇന്ന് സ്കൂളിലെത്തി പരിശോധന നടത്തുകയും പഴയ കെട്ടിടത്തിന്റെ ഫിറ്റ്‌നസ് റദ്ദാക്കുകയുമായിരുന്നു. ഇതോടെയാണ് മുപ്പത് കുട്ടികളുടെയും പഠനം അനിശ്ചിതത്വത്തിലായത്.
2022-ൽ 60 ലക്ഷം രൂപ മുടക്കി നിർമ്മിച്ച പുതിയ കെട്ടിടത്തിലേക്ക് ഇതുവരെ കുട്ടികളെ മാറ്റിയിട്ടില്ല. ഫിറ്റ്‌നസ് ലഭിക്കാത്തതാണ് ഇതിന് കാരണം. കെട്ടിടത്തിൽ കൈവരികൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തികൾ ബാക്കിയുള്ളതിനാലാണ് പഞ്ചായത്ത് ഫിറ്റ്‌നസ് നൽകാത്തത്. സ്കൂൾ അധികൃതരുടെ നിരന്തരമായ ആവശ്യത്തെത്തുടർന്ന് പൊതുമരാമത്ത് വകുപ്പ് (PWD) 2.80 ലക്ഷം രൂപ കൂടി നിർമ്മാണ പ്രവർത്തികൾക്കായി അനുവദിച്ചിട്ടുണ്ട്.
രണ്ട് മാസത്തിനുള്ളിൽ പുതിയ കെട്ടിടത്തിലേക്ക് കുട്ടികളെ മാറ്റാൻ കഴിയുമെന്നാണ് സ്കൂൾ അധികൃതർ അറിയിക്കുന്നത്. അതുവരെ കുട്ടികൾക്ക് അപകടാവസ്ഥയിലുള്ള കെട്ടിടത്തിൽ പഠനം തുടരേണ്ടി വരുമോ എന്ന ആശങ്കയിലായിരുന്നു രക്ഷിതാക്കളുടെ പ്രതിഷേധം. ഇതിനിടയിലാണ് പഴയ കെട്ടിടത്തിന്റെ ഫിറ്റ്‌നസ് കൂടി റദ്ദാക്കിയത്.