
ദില്ലി : ഇറാൻ-ഇസ്രായേൽ സംഘർഷം പശ്ചിമേഷ്യൻ മേഖലയിലാകെ വ്യാപിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം. വിശുദ്ധ റംസാൻ മാസത്തിൽ മേഖലയിലെ സ്ഥിതിഗതികൾ ഇത്രത്തോളം വഷളായത് അങ്ങേയറ്റം നിർഭാഗ്യകരമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. യുദ്ധസമാനമായ സാഹചര്യം സാധാരണ ജനജീവിതത്തെയും ആഗോള സാമ്പത്തിക രംഗത്തെയും സ്തംഭിപ്പിച്ചിരിക്കുകയാണ്.
ചരക്കു കപ്പലുകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഇത് അന്താരാഷ്ട്ര സമുദ്ര വ്യാപാര നിയമങ്ങളുടെ ലംഘനമാണ്. ഗൾഫ് മേഖലയിൽ കഴിയുന്ന ഒരു കോടിയോളം വരുന്ന ഇന്ത്യൻ പൗരന്മാരെ നേരിട്ട് ബാധിക്കുന്ന വിഷയമാണിതെന്നും ഈ പ്രശ്നത്തിൽ നിന്ന് ഇന്ത്യക്ക് ഒഴിഞ്ഞു നിൽക്കാനാവില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.