
ശ്രീനഗർ : നൗഗാം പൊലീസ് സ്റ്റേഷൻ സ്ഫോടനത്തിൽ മരണ സംഖ്യ ഒൻപതായി ഉയർന്നു. 29 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. ഭീകരരിൽ നിന്ന് പിടിച്ചെടുത്ത സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന നൗഗാം പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഫരീദാബാദിൽ നിന്ന് പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ് ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്.
ഫോറൻസിക്, പൊലീസ് ഉദ്യോഗസ്ഥർ സ്ഫോടക വസ്തുക്കൾ പരിശോധിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് വിവരം. സ്ഫോടനത്തിൽ പൊലീസ് സ്റ്റേഷൻ പൂർണ്ണമായും കത്തിനശിച്ചു. സമീപത്തെ വാഹനങ്ങൾക്കും തീപിടിച്ചു. സ്റ്റേഷന് സമീപമുള്ള നിരവധി വീടുകൾ തകരുകയും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. സംഭവം അട്ടിമറിയാണോ എന്നതടക്കമുള്ള എല്ലാ സാധ്യതകളും ഏജൻസികൾ അന്വേഷിക്കുന്നുണ്ട്.