Banner Ads

യൂറോപ്യൻ സ്വപ്നം തകർന്നു; വ്യാജ ജോലിക്ക് കോടികൾ വാങ്ങി തൃശ്ശൂർ സ്വദേശി നാടുവിട്ടു

തൃശ്ശൂർ : ന്യൂസിലാൻഡ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് നൂറുകണക്കിന് യുവതി-യുവാക്കളിൽ നിന്ന് കോടികൾ തട്ടിയെടുത്ത കേസിൽ തൃശ്ശൂർ വലപ്പാട് സ്വദേശി സുജോഷ് കുമാർ ഒളിവിൽ. എറണാകുളത്തും തൃപ്പയാറിലുമായി സ്ഥാപനങ്ങൾ നടത്തിവന്ന ഇയാൾ ആറ് മുതൽ ഏഴ് കോടി രൂപ വരെ തട്ടിയെടുത്തെന്നാണ് പരാതി.

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ് വഴിയാണ് ഇയാൾ വിദേശത്ത് ജോലിയുണ്ടെന്ന് പരസ്യം നൽകിയത്. മൂന്ന് മാസത്തിനകം എല്ലാ പേപ്പർ വർക്കുകളും പൂർത്തിയാക്കി വിദേശത്തേക്ക് അയക്കാമെന്ന് വിശ്വസിപ്പിച്ച് വിദേശ ജോലി സ്വപ്നം കണ്ട 300-ൽ അധികം പേരിൽ നിന്ന് ഇയാൾ പണം കൈപ്പറ്റുകയായിരുന്നു.

ഓരോരുത്തരിൽ നിന്നും ഒന്നും രണ്ടും മൂന്നും ലക്ഷം രൂപ വീതം ഇയാൾ വാങ്ങി. കടം വാങ്ങിയും ലോൺ എടുത്തും വീട് പണയപ്പെടുത്തിയുമാണ് പലരും പണം കണ്ടെത്തി സുജോഷിന് നൽകിയത്. എന്നാൽ പണം കൈപ്പറ്റിയതല്ലാതെ ഒരു തരത്തിലുമുള്ള പേപ്പർ വർക്കുകളും ഇയാൾ ചെയ്തില്ല. രണ്ടുവർഷത്തോളം ആളുകളെ കബളിപ്പിച്ചു.

പണം തിരികെ ആവശ്യപ്പെട്ട് ആളുകൾ എത്താൻ തുടങ്ങിയതോടെ ഇയാൾ നാടുവിട്ടു. ഇയാൾ വിദേശത്തേക്ക് കടന്നിരിക്കാമെന്നാണ് പണം നഷ്ടപ്പെട്ടവർ ആശങ്കപ്പെടുന്നത്. പണം നഷ്ടപ്പെട്ടവർ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകി കാത്തിരിക്കുകയാണ്. ഇയാളെ എത്രയും വേഗം കണ്ടെത്തി പണം തിരികെ ലഭിക്കാനുള്ള നടപടി ഉണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം.