കൊച്ചി : പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ ആഘോഷവേളകളിൽ ‘ഗ്രീൻ ക്രാക്കറുകൾ’ അഥവാ ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാനും ഉപയോഗിക്കാനും പാടുള്ളൂ എന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശങ്ങൾ,
സുപ്രീം കോടതിയുടെയും ദേശീയ ഹരിത ട്രിബ്യൂണലിന്റെയും ഉത്തരവുകൾ എന്നിവ പരിഗണിച്ചാണ് ആഭ്യന്തര വകുപ്പിന്റെ ഈ തീരുമാനം. ദീപാവലി ആഘോഷവേളയിൽ ‘ഗ്രീൻ ക്രാക്കറുകൾ’ ഉപയോഗിക്കാനുള്ള സമയം രാത്രി എട്ടിനും പത്തിനും ഇടയിലുള്ള രണ്ട് മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ട്.
ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയ നിശബ്ദ മേഖലകളുടെ (Silent Zones) 100 മീറ്റർ പരിധിക്കുള്ളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കുവാൻ പാടില്ലെന്നും ഉത്തരവിൽ കർശനമായി നിർദേശിക്കുന്നു.