
കണ്ണൂർ : നിയമസഭാ തിരഞ്ഞെടുപ്പിൽ കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരന് സീറ്റ് നിഷേധിക്കുമെന്ന സൂചനകൾ പുറത്തുവന്നതോടെ കണ്ണൂരിലെ കോൺഗ്രസിൽ വൻ പ്രതിഷേധം. സുധാകരനെ സ്ഥാനാർത്ഥിയാക്കിയില്ലെങ്കിൽ വോട്ടെടുപ്പ് ബഹിഷ്‌കരിക്കുമെന്നും വോട്ടുകൾ മുടക്കുമെന്നും പ്രവർത്തകർ പരസ്യമായി പ്രഖ്യാപിച്ചു. സുധാകരൻ മത്സരിച്ചില്ലെങ്കിൽ തങ്ങൾ വോട്ട് ചെയ്യില്ലെന്നും തങ്ങളെക്കൊണ്ട് കഴിയുന്ന വോട്ടുകൾ കോൺഗ്രസിന് നഷ്ടപ്പെടുത്തുമെന്നും പ്രവർത്തകർ മുന്നറിയിപ്പ് നൽകി.
റിജിൽ മാക്കുറ്റി, പി മുഹമ്മദ് ഷമ്മാസ് തുടങ്ങിയ യുവനേതാക്കൾ സുധാകരന് പിന്തുണയുമായി സുധാകരന്റെ വീട്ടിലെത്തി. കണ്ണൂരിലെ കോൺഗ്രസിന്റെ വികാരം സുധാകരനാണെന്ന് നേതാക്കൾ പ്രതികരിച്ചു. കഴിഞ്ഞ തവണ എം പി ആയി മത്സരിച്ചത് നിയമസഭയിലേക്ക് അവസരം നൽകാമെന്ന ഉറപ്പിലാണെന്നും സുധാകരനെപ്പോലെ കണ്ണൂരിനെ സഹായിച്ച മറ്റൊരു നേതാവില്ലെന്നും പ്രവർത്തകർ പറഞ്ഞു.
കണ്ണൂരിലെ പ്രവർത്തകരുടെ ആഗ്രഹം സുധാകരൻ മത്സരിക്കണമെന്നതാണെന്ന് റിജിൽ മാക്കുറ്റി പറഞ്ഞു. എംപിമാർ മത്സരിക്കേണ്ട എന്ന് പാർട്ടി ഔദ്യോഗികമായി പറഞ്ഞിട്ടില്ല. സീറ്റ് നൽകില്ലെന്ന് ആരും ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല. എന്തുവന്നാലും സുധാകരനൊപ്പം തന്നെ കാണുമെന്നും റിജിൽ മാക്കുറ്റി വ്യക്തമാക്കി.