Banner Ads

ആനയുടെ ആക്രമണം: പാപ്പാൻ മരിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക്.

മാവേലിക്കര: ആലപ്പുഴയിൽ ആനയുടെ കുത്തേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഒന്നാം പാപ്പാൻ മരിച്ചു. അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെ പാപ്പാൻ ആശുപത്രിയിൽ ചികിത്സയിലാണ്.മാവേലിക്കര കണ്ടിയൂർ ക്ഷേത്രത്തിലെ ഒന്നാം പാപ്പാനായ മുരളീധരൻ നായർ (53) ആണ് മരിച്ചത്. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ‘സ്കന്ദൻ’ എന്ന ആനയാണ് അക്രമാസക്തനായത്.

ഞായറാഴ്ച രാത്രി പതിനൊന്നോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അദ്ദേഹത്തിൻ്റെ മരണം. ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടാം പാപ്പാൻ, കരുനാഗപ്പള്ളി സ്വദേശിയായ സുനിൽകുമാർ (40) ഇപ്പോഴും ചികിത്സയിലാണ്.ആന സുനിൽകുമാറിനെ ചവിട്ടി പരിക്കേൽപ്പിച്ചതിന് ശേഷം, ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് മുരളീധരൻ നായർക്ക് കുത്തേറ്റത്. മാർച്ച് മാസം മുതൽ മദപ്പാട് കാരണം തളച്ചിട്ടിരുന്ന ആനയെ ഞായറാഴ്ചയാണ് പുറത്തിറക്കിയത്.

ക്ഷേത്രദർശനത്തിന് ശേഷം ആനയെ തളയ്ക്കാൻ വേണ്ടി പടിഞ്ഞാറെ പുല്ലാംവഴി തന്ത്രികുടുംബത്തിൻ്റെ വീട്ടിലെത്തിച്ചപ്പോഴാണ് സംഭവം. തളയ്ക്കുന്നതിനിടെ ആന പ്രദീപിനെ തട്ടിവീഴ്ത്തി. തുടർന്ന് ആനപ്പുറത്തുണ്ടായിരുന്ന സുനിൽകുമാറിനെ തുമ്പിക്കൈകൊണ്ട് താഴെയിട്ട് ചവിട്ടുകയായിരുന്നു. പിന്നീട് ആനയെ ശാന്തനാക്കാൻ ശ്രമിക്കുന്നതിനിടെയാണ് മുരളീധരൻ നായർക്ക് പരിക്കേറ്റത്.