കൊച്ചി:സെപ്റ്റംബർ മാസത്തിൽ വൈദ്യുതി ഉപഭോക്താക്കൾക്ക് അധിക ഭാരം. വൈദ്യുതി നിരക്ക് യൂണിറ്റിന് 10 പൈസ കൂടുമെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അറിയിച്ചു. മാസംതോറും ബിൽ അടയ്ക്കുന്നവർക്ക് ഒൻപത് പൈസയും രണ്ടു മാസത്തിലൊരിക്കൽ ബിൽ അടയ്ക്കുന്നവർക്ക് എട്ടു പൈസയുമാണ് ഓഗസ്റ്റിൽ ഈടാക്കിയിരുന്നത്.
വൈദ്യുതി ഉൽപ്പാദനത്തിനുള്ള ഇന്ധനച്ചെലവ് കൂടിയതിനാൽ ജൂലൈയിൽ ഉണ്ടായ അധികബാധ്യതയായ 26.28 കോടി രൂപ ഈടാക്കാനാണ് സെപ്റ്റംബറിലെ സർച്ചാർജ്. ഈ കണക്ക് അനുസരിച്ച് യഥാർഥത്തിൽ 12.54 പൈസയാണ് ചുമത്തേണ്ടതെന്നാണ് കെഎസ്ഇബിയുടെ അവകാശവാദം. എന്നാൽ 10 പൈസ വരെ ഈടാക്കാനേ റെഗുലേറ്ററി കമ്മീഷന്റെ അനുവാദമുള്ളൂ.