Banner Ads

തിരഞ്ഞെടുപ്പ് കമ്മീഷൻ സംശയനിഴലിൽ; കണക്കുകൾ മറച്ചുവെക്കുന്നു, വോട്ടിങ്ങിൽ ദുരൂഹതയെന്ന് എംവി ജയരാജൻ

തിരുവനന്തപുരം : സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ വോട്ടിങ് ശതമാനം പുറത്തുവിടാൻ വൈകിയതിലും ഉദ്യോഗസ്ഥരുടെ വോട്ടവകാശം നിഷേധിച്ചതിലും രൂക്ഷവിമർശനവുമായി എംവി ജയരാജൻ. ചീഫ് ഇലക്ടറൽ ഓഫീസറുടെ നടപടികൾ സംശയസ്പദമാണെന്നും ബാലറ്റ് വിതരണത്തിൽ വലിയ ദുരൂഹതയുണ്ടെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

ഇലക്ഷൻ ഡ്യൂട്ടിയുണ്ടായിരുന്ന ഒന്നേമുക്കാൽ ലക്ഷത്തോളം വരുന്ന ഉദ്യോഗസ്ഥരിൽ നിരവധി പേർക്ക് വോട്ടവകാശം നിഷേധിക്കപ്പെട്ടു. തൃത്താല മണ്ഡലത്തിൽ മാത്രം 436 എൻസിസി കേഡറ്റുകൾക്ക് വോട്ട് ചെയ്യാൻ സാധിച്ചില്ല. വോട്ടിങ് കഴിഞ്ഞ് നാല് ദിവസം പിന്നിട്ടാണ് കൃത്യമായ ശതമാനം പുറത്തുവിട്ടത്.

കണക്കുകൾ മറച്ചുവെക്കാനാണ് കമ്മീഷൻ ശ്രമിക്കുന്നത്. വോട്ടവകാശം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 21156 പേർ കോടതിയെ സമീപിച്ചിട്ടുണ്ട്. വോട്ടെണ്ണലിന് മുൻപായി ഇവർക്ക് വോട്ട് ചെയ്യാൻ സൗകര്യമൊരുക്കണമെന്ന് ജയരാജൻ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് എവിടെയും ഈസി വോക്കോവർ ഇല്ലെന്നും എല്ലാ മണ്ഡലങ്ങളിലും കടുത്ത മത്സരമാണ് നടന്നതെന്നും ജയരാജൻ പറഞ്ഞു. ധർമ്മടത്ത് അടക്കം അതീവ ജാഗ്രതയോടെയാണ് പാർട്ടി പ്രവർത്തിച്ചത്. ഇടതുപക്ഷത്തിന് വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

തിരഞ്ഞെടുപ്പിൽ ഈസി വോക്കോവർ ഉണ്ടെന്ന് പറയുന്നത് അഹങ്കാരമാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു. പയ്യന്നൂരിൽ നടന്ന അക്രമ സംഭവങ്ങൾ ദൗർഭാഗ്യകരമാണ്. ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത കാര്യമാണത്. അക്രമം ഒന്നിനും പരിഹാരമല്ലെന്നും ഇത്തരം പ്രവണതകൾ അംഗീകരിക്കാനാവില്ലെന്നും എംവി ജയരാജൻ വ്യക്തമാക്കി.