
മലപ്പുറം : മുൻ എംഎൽഎ പിവി അൻവറിന്റെ മലപ്പുറം ഒതായിയിലെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. ഇന്ന് രാവിലെയാണ് ഇഡി സംഘം പരിശോധനയ്‌ക്കെത്തിയത്. അൻവറിന്റെ ഒരു സഹായിയുടെ വീട്ടിലും ഇതേസമയം പരിശോധന നടന്നു.
സ്ഥലത്തിന്റെ രേഖകൾ ഉപയോഗിച്ച് കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ (കെ.എഫ്.സി.) നിന്ന് 12 കോടി രൂപ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. നേരത്തെ ഈ വായ്പാ തിരിമറിയുമായി ബന്ധപ്പെട്ട് വിജിലൻസും അൻവറിന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. സ്ഥാപനത്തിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തിരിമറി നടത്തി എന്നായിരുന്നു വിജിലൻസിന് മുൻപാകെ എത്തിയ കേസ്.
ഇടതുപക്ഷ ബന്ധം ഉപേക്ഷിച്ച പിവി അൻവർ നിലവിൽ തൃണമൂൽ കോൺഗ്രസിലാണ് പ്രവർത്തിക്കുന്നത്. നിലമ്പൂർ മുൻ എംഎൽഎ ആയിരുന്ന അദ്ദേഹം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റെയ്ഡ്.