Banner Ads

നിയമസഭയിൽ നാടകീയം: സ്വർണ്ണപ്പാളി വിവാദം കത്തിപ്പടരുന്നു; ഭരണ-പ്രതിപക്ഷം നേർക്കുനേർ, സഭ സ്തംഭിച്ചു.

തിരുവനന്തപുരം: സ്വർണ്ണപ്പാളി വിവാദം മൂന്നാം ദിവസവും നിയമസഭയെ പ്രക്ഷുബ്ധമാക്കി. ദേവസ്വം മന്ത്രി രാജിവെക്കണമെന്നും ദേവസ്വം ബോർഡ് അംഗങ്ങളെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ഈ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സഭാ നടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി.

പ്രതിഷേധത്തിനിടെ, സഭയിൽ ചർച്ച വേണമെങ്കിൽ പ്രതിപക്ഷം നോട്ടീസ് നൽകണമെന്ന് സ്പീക്കർക്ക് വേണ്ടി എം.ബി. രാജേഷ് പ്രതികരിച്ചു. ചോദ്യോത്തര വേള തടസ്സപ്പെടുത്തിക്കൊണ്ടുള്ള പ്രതിപക്ഷത്തിന്റെ തുടർച്ചയായ ബഹളത്തിൽ സ്പീക്കർ ക്ഷുഭിതനായി.”ഇതാണോ കുട്ടികൾ കണ്ട് പഠിക്കേണ്ടത്? ഇത് ജനാധിപത്യത്തിന് ഭൂഷണമല്ല,” കഴിഞ്ഞ ദിവസം ഗാലറിയിൽ വിദ്യാർത്ഥികൾ ഇരിക്കുമ്പോൾ പോലും സ്പീക്കറുടെ മുഖം മറച്ചുകൊണ്ട് പ്രതിഷേധിച്ചതിനെ സ്പീക്കർ ശക്തമായി വിമർശിച്ചു.

ഭരണപക്ഷവും പോരിനിറങ്ങി, സഭ അലങ്കോലമായി പ്രതിഷേധത്തിനിടെ, മന്ത്രി വി. ശിവൻകുട്ടി പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് “ചോർ ഹേ, ചോർ ഹേ, മുഴുവൻ ചോർ ഹേ” എന്ന് ആക്ഷേപം ഉന്നയിച്ചു. സഭാ നടപടികൾ തടസ്സപ്പെടുത്തിക്കൊണ്ട് പ്ലക്കാർഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.പ്രതിഷേധക്കാർ സ്പീക്കറുടെ ഡയസിലേക്ക് നീങ്ങാൻ ശ്രമിച്ചതോടെ വാച്ച് ആൻഡ് വാർഡുമായി ഉന്തും തള്ളുമുണ്ടായി.

പ്രതിപക്ഷാംഗങ്ങൾ മന്ത്രി വി. ശിവൻകുട്ടിയുടെ പഴയ ചിത്രം സഭയിൽ ഉയർത്തിക്കാട്ടിയത് ഭരണപക്ഷത്തെ പ്രകോപിപ്പിച്ചു.ഇതോടെ ഭരണപക്ഷ അംഗങ്ങളും പ്രതിഷേധവുമായി രംഗത്തിറങ്ങി. മന്ത്രി മുഹമ്മദ് റിയാസ് ആണ് ആദ്യം നടുത്തളത്തിൽ ഇറങ്ങിയത്. പിന്നാലെ മുഖ്യമന്ത്രിക്ക് ചുറ്റും മന്ത്രിമാർ നിലയുറപ്പിച്ചു. മന്ത്രിമാർ കൂടി പ്രതിഷേധത്തിന് ഇറങ്ങിയതോടെ സഭ പൂർണ്ണമായും അലങ്കോലമായി. തുടർന്ന്, സഭ നിർത്തിവെച്ചതായി സ്പീക്കർ അറിയിച്ചു.