Banner Ads

ട്രെയിൻ യാത്രക്കാർക്ക് ഇരട്ടി സുരക്ഷ; റെയിൽവേ സേനാബലം കൂട്ടി, പ്ലാറ്റ്‌ഫോമുകളിൽ പരിശോധന ശക്തമാക്കി

തിരുവനന്തപുരം : ട്രെയിൻ യാത്രയിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് വ്യാപകമായ പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ റെയിൽവേ പോലീസ് സേനാബലം വർദ്ധിപ്പിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ സാങ്കേതിക വിദ്യകളും കർശന നടപടികളും നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.

സ്പെഷൽ ആംഡ് ഫോഴ്‌സ്, റാപ്പിഡ് റെസ്‌പോൺസ് ആൻഡ് റെസ്‌ക്യൂ ഫോഴ്‌സ് എന്നീ വിഭാഗങ്ങളിൽ നിന്നായി 35 അംഗ സംഘം ഇന്നലെ രാത്രി തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എത്തി. പ്ലാറ്റ്‌ഫോമുകളിലും ട്രെയിനുകളിലും പരിശോധന ശക്തമാക്കി. നിലവിലെ പോൽ ആപ്ലിക്കേഷൻ വിപുലീകരിക്കുമെന്ന് കേരള റെയിൽവേ പോലീസ് അറിയിച്ചു.

ട്രെയിനുകളിലെ അസ്വാഭാവിക പെരുമാറ്റങ്ങളോ പ്രവൃത്തികളോ വീഡിയോ, ഓഡിയോ, ചിത്രങ്ങൾ എന്നിവ സഹിതം ആപ്പ് വഴി പോലീസിന് കൈമാറാൻ യാത്രക്കാർക്ക് കഴിയും. അപകട ഘട്ടങ്ങളിൽ ഉപയോഗിക്കാൻ ആപ്പിൽ പാനിക് ബട്ടൺ ഏർപ്പെടുത്തുന്നതും പരിഗണനയിലാണെന്ന് റെയിൽവേ എസ്‌പി കെഎസ് ഷഹൻഷാ പറഞ്ഞു.

സ്റ്റേഷനുകളിലെ സ്റ്റാളുകളിൽ ജോലി ചെയ്യുന്നവർക്കും താൽക്കാലിക ജോലിക്കാർക്കും പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കും. കൂടാതെ മദ്യപാനികൾക്കെതിരെ കർശന നടപടി സ്വീകരിക്കും.