
കൊച്ചി: ഗുരുതര നിയമലംഘനങ്ങളുടെ പേരിൽ മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി.) പിടിച്ചെടുക്കുന്ന വാഹനങ്ങൾക്ക് പിഴയോടൊപ്പം ഇനി പാർക്കിങ് ഫീസും നൽകേണ്ടി വരുമെന്ന് ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാർ അറിയിച്ചു.നിലവിൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ എം.വി.ഡി. ഓഫീസുകളുടെയോ പോലീസ് സ്റ്റേഷനുകളുടെയോ പരിസരങ്ങളിലാണ് സൂക്ഷിക്കാറുള്ളത്.
ഇനി മുതൽ ഇത്തരം വാഹനങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെയോ സ്വകാര്യ വ്യക്തികളുടെയോ പാർക്കിങ് സ്ഥലങ്ങളിലേക്ക് മാറ്റും.വാഹനത്തിൻ്റെ പിഴയടയ്ക്കുന്നതിനൊപ്പം, വാഹനം സൂക്ഷിച്ചതുവരെയുള്ള പാർക്കിങ് ഫീസും വാഹന ഉടമ നൽകണം. എങ്കിൽ മാത്രമേ വാഹനം വിട്ടുനൽകുകയുള്ളൂ.ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും മന്ത്രി ഗണേഷ് കുമാർ വ്യക്തമാക്കി.