Banner Ads

“മദ്യനയം യു.ഡി.എഫിനെ പഠിപ്പിക്കേണ്ട; ആയിരം ബാറുകളുടെ കണക്കുമായി സതീശൻ.”

പാലക്കാട്: മദ്യനയം മുതൽ ബി.ജെ.പി ബന്ധം വരെ ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വികസന കാര്യത്തിൽ മുഖ്യമന്ത്രിയുമായി പരസ്യമായ ഒരു സംവാദത്തിന് താൻ തയ്യാറാണെന്ന് അദ്ദേഹം വെല്ലുവിളിച്ചു.

മദ്യലഭ്യത കുറയ്ക്കുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം നൽകിയവർ, ഭരണത്തിലേറിയപ്പോൾ ബാറുകളുടെ എണ്ണം 29-ൽ നിന്ന് 1000 ആക്കി ഉയർത്തി. മദ്യനയത്തെക്കുറിച്ച് യു.ഡി.എഫിനെ പഠിപ്പിക്കാൻ മുഖ്യമന്ത്രി മുതിരേണ്ടതില്ലെന്ന് സതീശൻ പരിഹസിച്ചു.ബി.ജെ.പിയുമായുള്ള രഹസ്യ ധാരണ മറച്ചുവെക്കാനാണ് സി.പി.എം ഇപ്പോൾ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്.

പാലക്കാട് സീറ്റിൽ യു.ഡി.എഫ് വോട്ടുകൾ ഭിന്നിപ്പിച്ച് ബി.ജെ.പിയെ ജയിപ്പിക്കാനാണ് സി.പി.എം ശ്രമം. പറവൂരിൽ സി.പി.എമ്മും ബി.ജെ.പിയും ചേർന്ന് അപരസ്ഥാനാർത്ഥിയെ നിർത്തിയത് ഇതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യു.ഡി.എഫിൽ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് തർക്കങ്ങളില്ല. ഹൈക്കമാൻഡ് നിർദ്ദേശപ്രകാരം കർണാടകയിലേയും തെലങ്കാനയിലേയും മാതൃകയിൽ കൃത്യമായ നടപടിക്രമങ്ങളിലൂടെ നേതാവിനെ തിരഞ്ഞെടുക്കും.

മുതിർന്ന നേതാക്കൾക്കിടയിൽ ഇതിൽ പൂർണ്ണ ധാരണയുണ്ട്.തനിക്കും ഭാര്യയ്ക്കുമുള്ളത് കുടുംബപരമായി ലഭിച്ച സ്വത്താണ്. അത് താൻ പ്രതിപക്ഷ നേതാവായ ശേഷമോ പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷമോ ഉണ്ടാക്കിയതല്ല. സി.പി.എമ്മിൽ തന്നേക്കാൾ ആസ്തിയുള്ള നിരവധി നേതാക്കളുണ്ടെന്നും സതീശൻ ഓർമ്മിപ്പിച്ചു.ചോദ്യം ചോദിക്കുന്നവരെ ‘കുലംകുത്തികൾ’ എന്ന് വിളിച്ച് ഇല്ലാതാക്കുന്ന ശൈലിയാണ് സി.പി.എമ്മിന്റേത്. ചരിത്രത്തിൽ ഇല്ലാത്തവിധം പ്രവർത്തകർ പാർട്ടി വിട്ടുപോകുന്നത് സി.പി.എമ്മിന്റെ തകർച്ചയുടെ ആഴം വ്യക്തമാക്കുന്നു.