Banner Ads

മ്ലേച്ഛവും തരംതാണതും; രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് എംവി ജയരാജൻ

കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി എംവി ജയരാജൻ. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് ചേരാത്ത വിധം മ്ലേച്ഛവും തരംതാണതുമായ പെരുമാറ്റമാണ് രേവന്ത് റെഡ്ഡിയുടേതെന്ന് ജയരാജൻ കുറ്റപ്പെടുത്തി.

സ്വന്തം ഔദ്യോഗിക ലെറ്റർ പാഡ് ഉപയോഗിച്ച് കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപകരമായ ഭാഷയിലാണ് രേവന്ത് കത്തെഴുതിയത്. തെലങ്കാനയിൽ അധികാരത്തിൽ വരുമ്പോൾ പ്രഖ്യാപിച്ച ആറ് ഗ്യാരന്റികളിൽ ഒന്നുപോലും നടപ്പിലാക്കാൻ രേവന്ത് സർക്കാരിന് കഴിഞ്ഞിട്ടില്ല. സ്വന്തം സംസ്ഥാനത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്തവരാണ് കേരളത്തിൽ വന്ന് ഇടത് സർക്കാരിനെയും മുഖ്യമന്ത്രിയെയും കുറ്റപ്പെടുത്തുന്നത്.

കേരളത്തിലെ ജനക്ഷേമ പ്രവർത്തനങ്ങളും വികസനവും തെലങ്കാനയിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്നും ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ശ്രമിച്ച രേവന്ത് റെഡ്ഡി യഥാർത്ഥത്തിൽ വടികൊടുത്തു അടി വാങ്ങുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.