കൊല്ലം: മദ്യപിക്കാൻ പണം നൽകാത്തതിന്റെ വൈരാഗ്യത്താൽ ചടയമംഗലത്ത് വയോധികനെ മർദിച്ചവശനാക്കി ബാഗിലുണ്ടായിരുന്ന പണം കവർന്നു.യുവാവ് അറസ്റ്റിൽ.ചടയമംഗലം മേടയിൽ ചരുവിള പുത്തൻവീട്ടിൽ ശരത്തി(39)നെയാണ് വയോധികനെ മർദിച്ച് പണവും മറ്റ് രേഖകളും കവർന്നതിന്റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്തത്.ചടയമംഗലം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിനു സമീപത്ത് ചെരിപ്പ് നന്നാക്കുന്ന ശിവദാസനെയാണ് ശരത്ത് മർദിച്ച് അവശനാക്കി പണം കവർന്നത്. ചൊവ്വാഴ്ച 12 മണിയോടെ കടയുടെ മുന്നിലെത്തിയ പ്രതി മദ്യപിക്കാൻ പണം ആവശ്യപെടുകയായിരുന്നു. നൽകാതായ തോടെ ഉണ്ടായ വൈരാഗ്യത്തിൽ ശിവദാസനെ മർദിച്ചശേഷം ബാഗിൽ സൂക്ഷിച്ചിരുന്ന 3500 രൂപയും ആധാർ കാർഡും ബാങ്ക് പാസ് ബുക്കും തിരിച്ചറിയൽ കാർഡും റേഷൻ കാർഡും ഉൾപ്പെടെ ശരത്ത് തട്ടിയെടുക്കുകയായിരുന്നു.ആക്രമണത്തിൽ പരിക്കേറ്റ ശിവദാസനെ നാട്ടുകാർ ചടയമംഗലം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പേരിൽ സമാനമായ കേസുകൾ ഉണ്ടെന്നാണ് പൊലീസ് പറഞ്ഞത്.