
തിരുവനന്തപുരം : കേരള നിയമസഭയിലേക്കുള്ള 140 മണ്ഡലങ്ങളിലേയും വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ സംസ്ഥാനത്ത് ഉജ്ജ്വല പോളിംഗ്. വൈകുന്നേരം 5 മണി വരെയുള്ള കണക്കുകൾ പ്രകാരം 67.10 ശതമാനം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു കഴിഞ്ഞു. വോട്ടെടുപ്പ് അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ പോളിംഗ് ശതമാനം 80 കടന്നേക്കുമെന്നാണ് വിലയിരുത്തൽ. രാവിലെ മുതൽ തന്നെ രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ വോട്ട് രേഖപ്പെടുത്താനെത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവർ പോളിംഗിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ വോട്ട് രേഖപ്പെടുത്തി. താരപ്പൊലിമയിലും ഒട്ടും പിന്നിലായിരുന്നില്ല ബൂത്തുകൾ. മമ്മൂട്ടി (പൊന്നുരുന്നി), മോഹൻലാൽ (മുടവൻമുകൾ), സുരാജ് വെഞ്ഞാറമൂട്, ആസിഫ് അലി (തൊടുപുഴ), പിടി ഉഷ തുടങ്ങിയവരും വോട്ട് രേഖപ്പെടുത്താനെത്തി.
തൃക്കരിപ്പൂർ പിലിക്കോട് പുത്തിലോട് 137-ാം ബൂത്തിൽ എൽഡിഎഫ് കള്ളവോട്ട് ചെയ്തെന്ന് യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യർ ആരോപിച്ചു. തന്റെ ഏജന്റിനെ മർദ്ദിച്ചതായും ഇവിടെ റീപോളിംഗ് വേണമെന്നും ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. വടക്കാഞ്ചേരി ഗേൾസ് ഹൈസ്കൂൾ ബൂത്തിൽ വോട്ട് മാറി ചെയ്തതിനെ ചൊല്ലി വലിയ പ്രതിഷേധം അരങ്ങേറി. പാറപ്പറമ്പിൽ സജീവൻ എന്ന വ്യക്തിയുടെ വോട്ട് മറ്റൊരാൾ പോസ്റ്റൽ വോട്ടായി നേരത്തെ രേഖപ്പെടുത്തിയതാണ് തർക്കത്തിനിടയാക്കിയത്.
ഇതിനെത്തുടർന്ന് എൻഡിഎ സ്ഥാനാർത്ഥി ഉല്ലാസ് ബാബു ബൂത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങൾ ഒഴിച്ചാൽ സംസ്ഥാനത്ത് പൊതുവെ സമാധാനപരമായ പോളിംഗാണ് നടക്കുന്നത്. വരിയിൽ നിൽക്കുന്ന എല്ലാവർക്കും വോട്ട് ചെയ്യാൻ അവസരം നൽകുമെന്ന് അധികൃതർ അറിയിച്ചു.