Banner Ads

ശബരിമലയിൽ തിരക്കുമതിൽകെട്ട്; ദർശനം കിട്ടാതെ ഭക്തർക്ക് കണ്ണീരോടെ മടക്കം, ആശ്വാസം തേടി പന്തളത്ത്

പത്തനംതിട്ട : തീർത്ഥാടകരുടെ തിരക്ക് കാരണം ശബരിമല ദർശനം ലഭിക്കാതെ മടങ്ങിയ ഭക്തർ ഇന്നും പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ എത്തി. അവിടെ വെച്ച് ഇരുമുടി കെട്ട് അഴിച്ച് നെയ്യഭിഷേകം നടത്തിയ ശേഷം അവർ മാല ഊരി മടങ്ങി. മലയാളികൾ ഉൾപ്പെടെ നിരവധി പേർ ഇക്കൂട്ടത്തിലുണ്ട്. ഇന്നലെ ശബരിമലയിലെ കനത്ത തിരക്കിൽപ്പെട്ട് ദർശനം നടത്താൻ കഴിയാതെ മടങ്ങിയവരാണ് ഇന്ന് പന്തളത്തെത്തി മാലയൂരിയത്.

പാരിപ്പള്ളിയിൽ നിന്നെത്തിയ സ്ത്രീകളടക്കമുള്ള 17 അംഗ തീർത്ഥാടക സംഘവും ദർശനം നടത്താതെ മടങ്ങി. ഇന്നലെ ഉച്ചയ്ക്ക് പമ്പയിൽ എത്തിയ സംഘം മരക്കൂട്ടം വരെ എത്തിയിരുന്നു. എന്നാൽ തുടർന്ന് മലകയറാൻ വലിയ തിരക്ക് കാരണം കഴിഞ്ഞില്ലെന്നും യാതൊരു സൗകര്യവും ലഭിച്ചില്ലെന്നും തീർത്ഥാടകർ പറയുന്നു. വർഷങ്ങളായി ശബരിമലയിൽ വന്നിട്ടും ഇങ്ങനെയൊരു അനുഭവം ആദ്യമായിട്ടാണെന്ന് തീർത്ഥാടകർ പറഞ്ഞു.

ഈ സംഘം പന്തളത്ത് ഇരുമുടി കെട്ട് സമർപ്പിച്ച് മടങ്ങുമെന്ന് അറിയിച്ചു. ഇന്നലെ രാവിലെ മുതൽ ശബരിമലയിൽ തിരക്ക് നിയന്ത്രണാതീതമായിരുന്നു. തുടർന്ന് ഉച്ചയ്ക്ക് ശേഷം ദർശന സമയവും നീട്ടിയിരുന്നു. ആവശ്യത്തിന് സൗകര്യങ്ങൾ ലഭിക്കാത്തതിനാൽ തീർത്ഥാടകർ ഇന്നലെ ഏറെ വലഞ്ഞു. നിരവധി ഭക്തർക്ക് ദർശനം കിട്ടാതെ മടങ്ങേണ്ടി വന്നു.

ഇന്നലെ വൈകുന്നേരത്തോടെ കാര്യങ്ങൾ നിയന്ത്രണവിധേയമാക്കിയെങ്കിലും തിരക്കിന് കുറവുണ്ടായില്ല. ഇന്ന് രാവിലെയോടെ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ കാര്യങ്ങൾ ഏറെക്കുറെ നിയന്ത്രണവിധേയമായി. ഇന്ന് രാവിലെയും തിരക്കുണ്ടെങ്കിലും ഭക്തർക്ക് ഇപ്പോൾ സുഗമമായി ദർശനം നടത്താൻ സാധിക്കുന്നുണ്ട്.