Banner Ads

ആരോഗ്യമേഖലയിലെ പ്രതിസന്ധി: രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല; ‘അവശ്യ മരുന്നുകൾ പോലുമില്ല’

തിരുവനന്തപുരം:കേരളത്തിലെ ആരോഗ്യവകുപ്പ് നാഥനില്ലാ കളരിയായി മാറിയെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. കനിവ് ആംബുലന്‍സ് സര്‍വീസ് കരാറുമായി ബന്ധപ്പെട്ടു പുറത്തു വന്ന 250 കോടി രൂപയുടെ കമ്മിഷന്‍ ഇടപാടില്‍ഇതുവരെ യാതൊരു പ്രതികരണവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവാത്തത് പച്ചയായ കുറ്റസമ്മതമായി കണക്കാക്കാവുന്നതാണെന്നും കമ്മിഷന്‍ കിട്ടാത്ത ഒരു ഇടപാടും നടത്താത്ത സര്‍ക്കാറായി പിണറായി വിജയന്‍ മാറിയിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ സാധാരണക്കാരന്റെ നികുതിപ്പണത്തില്‍ നിന്നാണ് 250 കോടി കമ്മിഷന്‍ വാങ്ങിയത്. ഇതുകൂടാതെ ഒന്നേകാല്‍ വര്‍ഷം അനധികൃതമായി കരാര്‍ നീട്ടിക്കൊടുക്കുകയും പുതിയ ടെന്‍ഡറില്‍ ബ്‌ളാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ട കമ്പനിയെ സാങ്കെതികബിഡ് റൗണ്ടില്‍ കടത്തിവിട്ടിരിക്കുകയുമാണ്.

കമ്മിഷന്‍ ഇടപാടുകളൊക്കെ കൃതഹസ്തയോടെചെയ്യുന്ന സര്‍ക്കാര്‍ പാവപ്പെട്ടവരുടെ ചികിത്സയുടെ കാര്യത്തില്‍ സമ്പൂര്‍ണ അവഗണനയാണ് കാണിക്കുന്നത്. കേരളത്തില്‍ മുഴുവന്‍ ആശുപത്രികളിലും ഹൃദയശസ്ത്രക്രിയ ഇന്നുമുതല്‍ മുടങ്ങുകയാണ്. ആന്‍ജിയോ പ്‌ളാസ്റ്റിക്കുള്ള ഉപകരണങ്ങള്‍ നല്‍കുന്ന വിതരണക്കാര്‍ക്ക് 160 കോടി രൂപയാണ് നല്‍കാനുള്ളത്. ഇതേത്തുടര്‍ന്ന് അവര്‍ ഇന്നു മുതല്‍ ഉപകരണവിതരണം നടത്തുന്നില്ല.

മഞ്ചേരി മെഡിക്കല്‍ കോളജില്‍ അവശ്യമരുന്നുകളും ശസ്ത്രക്രിയാ ഉപകരണങ്ങളും ഇല്ല. ആവശ്യത്തിന് ഉപകരണങ്ങളും മരുന്നുകളുമില്ലെന്നു പരാതിപ്പെട്ടതിന്റെ തുടര്‍ന്ന് ഡോ. ഹാരീസിനെതിരെ വേട്ട നടത്തിയ സര്‍ക്കാര്‍, ഇപ്പോള്‍ നാലു ഡിപ്പാര്‍ട്ടമെന്റുകള്‍ സമാനമായ ആവശ്യം ഉന്നയിച്ചപ്പോള്‍ വെട്ടിലായിരിക്കുകയാണ്. കേരളത്തിന്റെ ആരോഗ്യമേഖല ആകെ സ്തംഭിച്ചിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.