
തിരുവനന്തപുരം : കേരള രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് സിപിഎം കടന്നുപോകുന്നത്. പാർട്ടിയിലെ പ്രമുഖ നേതാക്കൾ കൂട്ടത്തോടെ പടിയിറങ്ങി യുഡിഎഫ് പാളയത്തിലെത്തിയത് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയമായി മാറി. ജി സുധാകരൻ മുതൽ ഐഷാ പോറ്റി വരെയുള്ള വമ്പൻ സ്രാവുകൾ സിപിഎം വിട്ടത് പാർട്ടിക്ക് വലിയ ആഘാതമായി.
ജി സുധാകരന്, ഐഷാ പോറ്റി, പികെ ശശി, ടികെ ഗോവിന്ദന്, പിവി കുഞ്ഞിക്കൃഷ്ണന്, എ സുരേഷ് കുമാര്‍, ബിഎന്‍ ഹക്സര്‍ ഇങ്ങനെ പോകുന്നു ഈ പട്ടിക. ഇവരിൽ പലരും ഇത്തവണ യുഡിഎഫ് പിന്തുണയോടെയാണ് ജനവിധി തേടിയത്. ഈ കൊഴിഞ്ഞുപോക്കിന് പിന്നിൽ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപിയുടെ കൃത്യമായ ആസൂത്രണമുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ജി സുധാകരനെപ്പോലുള്ള മുതിർന്ന നേതാക്കളെ യുഡിഎഫ് പാളയത്തിലെത്തിക്കാൻ വർഷങ്ങൾക്ക് മുൻപേ കെസി വേണുഗോപാൽ നീക്കങ്ങൾ തുടങ്ങിയിരുന്നതായി ആരോപണമുണ്ട്. എഐസിസി സംഘടനാ ചുമതലയുള്ള വേണുഗോപാലിന്റെ പ്രവർത്തന പരിചയം അണികളെയും നേതാക്കളെയും ഒരുപോലെ ആകർഷിക്കുന്നതിൽ വിജയിച്ചു.