
കണ്ണൂര് : നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയഭീതി പൂണ്ട സിപിഎം ഉന്നത നേതൃത്വത്തിന്റെ പിന്തുണയോടെ വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കുകയാണെന്ന് കെസി വേണുഗോപാൽ. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സിപിഎം ഓഫീസുകൾ കേന്ദ്രീകരിച്ചാണ് അട്ടിമറി നടക്കുന്നതെന്ന് വേണുഗോപാൽ പറഞ്ഞു.
കല്യാശേരിയിലെ വോട്ടുകൾ പയ്യന്നൂരിലും ചേർത്ത് ഇരട്ട വോട്ട് സൃഷ്ടിച്ചിരിക്കുകയാണ്. ഈ വോട്ടുകൾ ഉപയോഗിച്ച് കള്ളവോട്ട് ചെയ്യാൻ വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കുന്നു. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ഈ നീക്കത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.
പാലക്കാടും തൃക്കരിപ്പൂരിലും യുഡിഎഫ് സ്ഥാനാർത്ഥികളുടെ പോസ്റ്ററുകൾ നശിപ്പിക്കുന്നു. സന്ദീപ് വാര്യരെ തടഞ്ഞതും ജി സുധാകരന്റെ ഡ്രൈവർക്ക് നേരെയുണ്ടായ വധഭീഷണിയും സിപിഎമ്മിന്റെ വിറളി പിടിച്ച അവസ്ഥയാണ് കാണിക്കുന്നതെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.