
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുണ്ടായ പാചകവാതക ക്ഷാമം പരിഹരിക്കാൻ പുതിയ നീക്കവുമായി എണ്ണക്കമ്പനികൾ. വീടുകളിൽ ഉപയോഗിക്കുന്ന എൽ.പി.ജി സിലിണ്ടറുകളുടെ അളവ് കുറച്ച് കൂടുതൽ പേരിലേക്ക് പാചകവാതകം എത്തിക്കാനാണ് കമ്പനികൾ ലക്ഷ്യമിടുന്നത്. നിലവിൽ 14.2 കിലോ ഗ്രാം ഗ്യാസ് നിറയ്ക്കുന്ന സിലിണ്ടറുകളിൽ ഇനി മുതൽ 10 കിലോ ഗ്രാം വീതം വിതരണം ചെയ്യാനാണ് ആലോചന.
സിലിണ്ടറിലെ ഗ്യാസിന്റെ അളവ് 14.2 കിലോയിൽ നിന്ന് 10 കിലോയാക്കി കുറയ്ക്കും.തൂക്കം കുറയുന്നതിനനുസരിച്ച് സിലിണ്ടറിന്റെ വിലയിലും ആനുപാതികമായ കുറവുണ്ടാകുമെന്ന് കമ്പനികൾ അറിയിച്ചു.പരിമിതമായ സ്റ്റോക്ക് ഉപയോഗിച്ച് കൂടുതൽ ഉപഭോക്താക്കൾക്ക് ഗ്യാസ് ലഭ്യമാക്കുക. എൽ.പി.ജി ബുക്കിങ് ഇടവേള നിലവിൽ 25 ദിവസത്തിൽ നിന്ന് 45 ദിവസമാക്കി വർദ്ധിപ്പിച്ചിട്ടുണ്ട്.ഒരു ശരാശരി കുടുംബത്തിന് 14.2 കിലോ സിലിണ്ടർ 35-40 ദിവസമാണ് ലഭിക്കുന്നത്.
ഇത് 10 കിലോയാക്കി കുറയ്ക്കുമ്പോൾ ഏകദേശം ഒരു മാസത്തേക്കുള്ള ഇന്ധനമേ ലഭിക്കൂ. എന്നാൽ ബുക്കിങ് കാലാവധി 45 ദിവസമായി തുടരുന്നത് സാധാരണക്കാരെ ബാധിച്ചേക്കാം. 10 കിലോ ഗ്യാസ് ഉപയോഗിച്ച് 45 ദിവസം കാത്തിരിക്കേണ്ടി വരുന്നത് പ്രതിസന്ധി രൂക്ഷമാക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.സർക്കാർ അനുമതി ലഭിച്ചാലുടൻ ബോട്ട്‌ലിങ് പ്ലാന്റുകളിലെ തൂക്ക സംവിധാനം പുനഃക്രമീകരിക്കും. അളവ് കുറച്ചതുമായി ബന്ധപ്പെട്ട പുതിയ സ്റ്റിക്കറുകൾ സിലിണ്ടറുകളിൽ പതിപ്പിക്കും.
ഇന്ത്യയിൽ പ്രതിദിനം ഉപയോഗിക്കുന്ന 93,500 ടൺ എൽ.പി.ജിയിൽ 86 ശതമാനവും (80,400 ടൺ) ഗാർഹിക ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. ബാക്കി 14 ശതമാനം മാത്രമാണ് വാണിജ്യ ആവശ്യങ്ങൾക്ക് വിനിയോഗിക്കുന്നത്.യുദ്ധം കാരണം അടുത്തിടെ ഗാർഹിക സിലിണ്ടറിന് 60 രൂപയും വാണിജ്യ സിലിണ്ടറിന് 115 രൂപയും വർദ്ധിപ്പിച്ചിരുന്നു. പുതിയ നീക്കം നടപ്പിലാകുന്നതോടെ വിലയിൽ ചെറിയ ആശ്വാസം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.