Banner Ads

ധർമസ്ഥലയിൽ കണ്ടെത്തിയ അസ്ഥികൂടം മനുഷ്യന്റേത് തന്നെയെന്ന് സ്ഥിരീകരണം; പുരുഷന്റേതെന്ന് സംശയം

ബെം​ഗളൂരു:കർണാടകയിലെ ധർമസ്ഥലയിൽ നിന്ന് കണ്ടെത്തിയ അസ്ഥികൂടം മനുഷ്യന്റേത് തന്നെയെന്ന് ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചു. ഇത് ഒരു പുരുഷന്റേതാണെന്നാണ് പ്രാഥമിക നിഗമനം. ധർമസ്ഥലയിൽ കൂട്ടമൃതദേഹങ്ങൾ മറവ് ചെയ്തെന്ന മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ഈ നിർണായക കണ്ടെത്തൽ.

തുടർച്ചയായ മൂന്നാം ദിവസത്തെ പരിശോധനയിലാണ് നിർണായക തെളിവ് ലഭിച്ചത്. സാക്ഷി വെളിപ്പെടുത്തിയ ആറാമത്തെ സ്ഥലത്തുനിന്നാണ് അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയത്. ഏകദേശം രണ്ടടി താഴ്ചയിൽ കുഴിച്ചപ്പോഴാണ് അസ്ഥികൾ കണ്ടെത്തിയത്. എല്ലുകൾ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്നുണ്ടാകാമെന്നും, വിശദമായ പരിശോധന പൂർത്തിയാക്കാൻ കൂടുതൽ സമയമെടുക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അഞ്ച് പോയിന്റുകളിൽ നടത്തിയ പരിശോധനകളിൽ മൃതദേഹാവശിഷ്ടങ്ങളൊന്നും കണ്ടെത്താനായിരുന്നില്ല. ഇന്നലെ പ്രത്യേക അന്വേഷണ സംഘം (SIT) തലവൻ പ്രണബ് മൊഹന്തി ബെംഗളൂരുവിൽ നിന്ന് ധർമസ്ഥലയിലെത്തി കാടിനുള്ളിൽ കുഴിച്ചുനോക്കിയ സ്ഥലങ്ങളിൽ നേരിട്ട് പരിശോധന നടത്തിയിരുന്നു.

സാക്ഷി പറഞ്ഞതനുസരിച്ച് അന്വേഷണസംഘം അതിര് കെട്ടി സുരക്ഷിതമാക്കിയ എട്ട് പോയിന്റുകളാണ് ഇനി പരിശോധിക്കാനുള്ളത്. ഇതിൽ മൂന്നെണ്ണം കാടിനുള്ളിലാണ്. നാല് പോയിന്റുകൾ നേത്രാവതി നദിയോട് ചേർന്നുള്ള ദേശീയപാതയിലാണ്. മറ്റൊന്ന് നേത്രാവതി സ്നാനഘട്ടത്തിൽ നിന്ന് ആജുകുരിയിലേക്ക് പോകുന്ന ചെറിയ റോഡിലാണ്.

കന്യാടി എന്ന സ്ഥലത്തെ സ്വകാര്യഭൂമിയിലും രണ്ട് പോയിന്റുകളുണ്ടെന്ന് ശുചീകരണത്തൊഴിലാളി പറഞ്ഞിട്ടുണ്ട്. എന്നാൽ, അവിടെ പരിശോധന നടത്താൻ എസ്ഐടിക്ക് പ്രത്യേക അനുമതി വേണ്ടി വരും. ഓരോ പോയിന്റിലും സാക്ഷി ആവശ്യപ്പെടുന്നതിലും കൂടുതൽ ചുറ്റളവിലാണ് അന്വേഷണസംഘം കുഴിച്ച് പരിശോധന നടത്തുന്നത്.ഈ കണ്ടെത്തൽ ധർമസ്ഥലയിലെ ദുരൂഹതകൾക്ക് പുതിയ മാനങ്ങൾ നൽകുകയും കൂടുതൽ സത്യങ്ങൾ പുറത്തുകൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.