കോഴിക്കോട്: മുനമ്ബം വിഷയത്തിൽ ക്രിസ്ത്യൻ ബിഷപ്പുമാരെ ചർച്ചക്ക് വിളിച്ച് മുഖ്യമന്ത്രി. ഇടതുമുന്നണി പ്രതിനിധിയായ കെ.വി.തോമസ് വഴിയാണ് ചർച്ചക്കു വിളിച്ചത്. വഖഫ് നിയമഭേദഗതി ബിൽ മുനമ്ബം പ്രശ്നത്തിന് ശാശ്വത പരിഹാരമാണെന്ന് സമരക്കാരെ വിശ്വസിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിനിറങ്ങിയ ബി.ജെ.പി മുഖം നഷ്ടപ്പെട്ട അവസ്ഥയിലാണ്. ബി.ജെ.പിവഞ്ചിക്കുകയായിരുന്നു എന്ന രീതിയിലുള്ള പ്രതികരണവും പ്രതിഷേധവും സമരക്കാരിൽനിന്നും സമരത്തെ പിന്തുണച്ച ക്രൈസ്തവ സഭപ്രതിനിധികളിൽനിന്നും ഉയർന്നുതുടങ്ങി.
ഈ സാഹചര്യത്തിലാണ് പുതിയ നീക്കവുമായി സർക്കാർ രംഗത്തു വന്നത്.വഖഫ് നിയമഭേദഗതി കൊണ്ട് മാത്രം മുനമ്ബത്തെ പ്രശ്നം പരിഹരിക്കാനാവില്ലെന്ന ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവിൻ്റെ പ്രസ്താവന സമരക്കാരെയും സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വത്തെയും ഒന്നുപോലെ വെട്ടിലാക്കി. കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ ആണ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തുന്ന വിവരം വ്യക്തമാക്കിയത്. മുനമ്ബം വിഷയത്തിൽ കേന്ദ്ര സർക്കാർ മലക്കം മറിഞ്ഞതിനെ തുടർന്നാണ് സംസ്ഥാന ഗവൺമെന്റിന്റെ പുതിയ നീക്കം.