ശ്രീനഗർ:ജമ്മു കാശ്മീരിൽ വീണ്ടും ശക്തമായ മഴയും മേഘവിസ്ഫോടനവും. കത്വയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ ഏഴ് പേർ മരിച്ചു. 6 പേർക്ക് പരിക്കേറ്റു. രാജ്ബാഗിലെ ജോദ് ഘാട്ടി ഗ്രാമത്തിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടമുണ്ടായതായാണ് വിവരം.
ഗ്രാമത്തിലേക്കുള്ള പ്രവേശനം ദുഷ്കരമാണ്. പ്രദേശത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. വളരെ പണിപ്പെട്ടാണ് രക്ഷാപ്രവർത്തകർക്ക് ഗ്രാമത്തിലേക്ക് എത്താനായത്. കിഷ്ത്വാറിലുണ്ടായ മിന്നൽ പ്രളയത്തിൽ രക്ഷാപ്രവർത്തനം നാലാം ദിവസവും തുടരുകയാണ്.
സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്തുന്നതിന് തടസ്സം സൃഷ്ടിക്കുന്ന പാറകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊട്ടിച്ചുമാറ്റാനാണ് അധികൃതരുടെ തീരുമാനം. സ്ഥലത്ത് സൈന്യം താൽക്കാലിക പാലം നിർമ്മാണം ആരംഭിക്കും.
ജമ്മു കശ്മീരിൽ മഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയിരിക്കുന്നത്. അടുത്ത രണ്ട് ദിവസം മേഘ വിസ്ഫോടനത്തിനും മിന്നൽ പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ കിഷ്ത്വാർ ഉൾപ്പെടെ 10 ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതിനിടെ ഹിമാചലിലും അതിശക്ത മഴയെ തുടർന്ന് മൂന്നിടങ്ങളിൽ മിന്നൽ പ്രളയമുണ്ടായി. ചണ്ഡീഗഡ് മണാലി ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.