Banner Ads

കണ്ണൂർ കോർപ്പറേഷനിൽ എൽഡിഎഫ് ഉപരോധത്തിനിടെ സംഘർഷം; മേയർക്ക് പരിക്ക്

തിരുവനന്തപുരം : എൽഡിഎഫ് നടത്തിയ കോർപ്പറേഷൻ ഉപരോധ സമരത്തിനിടെ കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ പി ഇന്ദിരയ്ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9.45ഓടെയാണ് സംഭവം. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ വികസന പ്രവർത്തനങ്ങൾ കോർപ്പറേഷൻ തടസ്സപ്പെടുത്തുന്നു എന്ന് ആരോപിച്ചാണ് എൽഡിഎഫ് ഉപരോധ സമരം നടത്തിയത്. രാവിലെ 9 മണി മുതൽ പ്രവർത്തകർ ഓഫീസ് കവാടം ഉപരോധിച്ചു. ഓഫീസിലേക്ക് കടക്കാൻ ശ്രമിച്ച മേയറെയും കൗൺസിലർമാരെയും സമരക്കാർ തടയുകയായിരുന്നു. ഇതിനിടെയാണ് ഉന്തുംതള്ളലിൽ മേയർക്ക് പരിക്കേറ്റത്.

തുടർന്ന് മേയറുടെ അദ്ധ്യക്ഷതയിൽ കൗൺസിൽ യോഗം ചേർന്നിരുന്നുവെങ്കിലും ഇതിനിടെ ക്ഷീണം നേരിട്ട മേയറെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മേയറെ കൈയേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കളായ ടി ഒ മോഹനൻ, റിജിൽ മാക്കുറ്റി, ശ്രീജ മഠത്തിൽ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചു. മേയറെ ആരും കൈയേറ്റം ചെയ്തിട്ടില്ലെന്നും ഓഫീസിലേക്ക് കയറുന്നതിനിടെ കമ്പി തട്ടിയാണ് പരിക്കേറ്റതെന്നുമാണ് എൽഡിഎഫ് മണ്ഡലം കൺവീനർ എൻ ചന്ദ്രന്റെ വിശദീകരണം.