
തിരുവനന്തപുരം : പാലോട് കുറുന്താളിയിൽ തോട്ടിൽ മീൻ പിടിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഹെഡ് ലോഡ് തൊഴിലാളി മരിച്ചു. പാലോട് – കുറുന്താളി വടക്കേവിള ഷൈജുഭവനിൽ ഷൈജു (38) ആണ് ദാരുണമായി മരിച്ചത്. പ്ലാവറയിലെ സിഐടിയു തൊഴിലാളിയാണ്. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് അപകടം നടന്നത്.
രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് ഷൈജു മീൻ പിടിക്കാൻ തോട്ടിൽ ഇറങ്ങിയത്. തോടിന് സമീപത്ത് വീഴാതിരിക്കാൻ കെട്ടിയിരുന്ന ഒരു തെങ്ങ് കാറ്റിൽ വീണുപോകാതിരിക്കാനായി മറ്റൊരു മരവുമായി കമ്പി ബന്ധിപ്പിച്ചിരുന്നു. ഈ കമ്പി ദ്രവിച്ച് പൊട്ടി സമീപത്തുള്ള വൈദ്യുതക്കമ്പിക്ക് മുകളിൽ കൂടി തോട്ടിലേക്ക് വീണു കിടക്കുകയായിരുന്നു.
ഈ കമ്പിയിൽ വൈദ്യുതി ഉണ്ടെന്നറിയാതെ മീൻ പിടിക്കാൻ ശ്രമിച്ച ഷൈജുവിന് ഷോക്കേൽക്കുകയായിരുന്നു. ഷൈജു സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.