
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരും. 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സാധാരണയേക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ കനത്ത ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
കൊല്ലം, കോട്ടയം, പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 38 °C വരെയും പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37°C വരെയും രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പകൽ 11 മുതൽ 3 വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുക. ഒആർഎസ് ലായനി, സംഭാരം എന്നിവ ശീലമാക്കുക. മദ്യം, കാപ്പി, ചായ, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ പാദരക്ഷകളോ ഉപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. മാർക്കറ്റുകൾ, മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തീപിടിത്തത്തിന് സാധ്യതയുള്ളതിനാൽ ഫയർ ഓഡിറ്റ് നടത്തുകയും സുരക്ഷ ഉറപ്പാക്കുകയും വേണം.
വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേക ജാഗ്രത പാലിക്കണം. പരീക്ഷാക്കാലമായതിനാൽ ക്ലാസ് മുറികളിൽ വായുസഞ്ചാരവും വിദ്യാർത്ഥികൾക്ക് കുടിവെള്ള ലഭ്യതയും ഉറപ്പാക്കണം.