Banner Ads

നികത്താൻ കൊണ്ടുവന്ന മണ്ണിൽ കഞ്ചാവ് വിത്തുകൾ; വടകരയിൽ പറമ്പിൽ വളർന്നത് കഞ്ചാവ് ചെടികൾ

വടകര : വടകര സഹകരണ ആശുപത്രിക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. ഇന്ന് രാവിലെയാണ് കാടുപിടിച്ചു കിടക്കുന്ന പറമ്പിൽ കഞ്ചാവ് ചെടികൾ നിൽക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ വടകര പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി കഞ്ചാവ് ചെടികളാണെന്ന് സ്ഥിരീകരിച്ചു.

തുടർന്ന് ചെടികൾ വേരോടെ പിഴുതെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. പറമ്പ് നികത്തുന്നതിനായി ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇവിടെ മണ്ണടിച്ചിരുന്നു. ഈ മണ്ണിലുണ്ടായിരുന്ന വിത്തുകൾ മറ്റ് ചെടികൾക്കൊപ്പം മുളച്ചു വന്നതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രദേശത്ത് കൂടുതൽ ചെടികൾ ഉണ്ടോ എന്നറിയാൻ സമീപത്തെ പറമ്പുകളിലും പോലീസ് വിശദമായ പരിശോധന നടത്തിയെങ്കിലും മറ്റൊന്നും കണ്ടെത്താനായില്ല.