
തിരുവനന്തപുരം : രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ അവസാന ബജറ്റ് ജനുവരി 29 ന് അവതരിപ്പിച്ചേക്കും. 15-ാം നിയമസഭയുടെ 16-ാം സമ്മേളനം ഈ മാസം 20 ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കാൻ മന്ത്രിസഭ ശുപാർശ ചെയ്തു. ധനമന്ത്രി കെ എൻ ബാലഗോപാൽ പൂർണ്ണ ബജറ്റാണ് അവതരിപ്പിക്കുകയെങ്കിലും തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉടൻ വരാൻ സാധ്യതയുള്ളതിനാൽ ആറു മാസത്തെ ചെലവുകൾക്കായുള്ള വോട്ട് ഓൺ അക്കൗണ്ട് പാസാക്കി സഭ പിരിയാനാണ് സാധ്യത.
20ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ സമ്മേളനം ആരംഭിക്കുക. അന്തരിച്ച പ്രമുഖര്‍ക്കും മുന്‍ നിയമസഭാംഗങ്ങള്‍ക്കുമുള്ള ചരമോപചാരം 21ന് നടക്കും. നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച 22ന് നടക്കും. ധനമന്ത്രി അവതരിപ്പിച്ച ബജറ്റിന്‍ മേലുള്ള ചര്‍ച്ച നിയമസഭയില്‍ നടക്കേണ്ടതുണ്ട്. എന്നാല്‍ അതിനു മുൻപ് തന്നെ നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാനും സാധ്യതയുണ്ട്. അതിനാല്‍ മുഴുവന്‍ ബജറ്റ് പാസാക്കാതെ ആറു മാസത്തെ ചെലവുകള്‍ക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാനാണ് സാധ്യത.
ബജറ്റിന് മുന്നോടിയായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. പഞ്ചായത്ത്/നഗരസഭ ലൈബ്രറികൾ, സാംസ്കാരിക നിലയങ്ങൾ, ശിശുമന്ദിരങ്ങൾ, നഴ്സറി സ്കൂളുകൾ എന്നിവിടങ്ങളിൽ 10 വർഷമോ അതിലധികമോ തുടർച്ചയായി പ്രവര്‍ത്തിച്ചു വരുന്നരെയാണ് സ്ഥിരപ്പെടുത്തുക. ലൈബ്രേറിയൻ, നഴ്സറി ടീച്ചർ, ആയ തസ്തികകളിൽ ഉള്ളവരെ പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാരായി സ്ഥിരപ്പെടുത്തും. കൃത്യമായ നടപടിക്രമങ്ങൾ പാലിച്ച് നിയമനം ലഭിച്ചവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.