
എറണാകുളം : കേരളത്തിൽ എൽഡിഎഫും യുഡിഎഫും മാറി മാറി നടത്തിവരുന്ന അഴിമതി ഭരണത്തിന് അറുതി വരുത്താൻ ബിജെപി അധികാരത്തിൽ വരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കുന്നത്തുനാട്ടിൽ ട്വന്റി-20 സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ ട്വന്റി-20 സ്ഥാനാർത്ഥികളും ബിജെപി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. എൻഡിഎ കേരളത്തിൽ അധികാരത്തിലെത്തിയാൽ രണ്ട് വർഷത്തിനുള്ളിൽ എയിംസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് അമിത് ഷാ പറഞ്ഞു. ക്രിസ്തുവിന്റെ അനുയായികൾ എൻഡിഎയ്ക്ക് വോട്ട് ചെയ്യണമെന്ന് അമിത് ഷാ ആഹ്വാനം ചെയ്തു.
ബിജെപിക്ക് മുന്നിൽ എല്ലാവരും തുല്യരാണെന്നും പ്രീണന രാഷ്ട്രീയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കുറ്റവാളികളെ എൻഡിഎ സർക്കാർ വന്നാൽ ജയിലിലടയ്ക്കുമെന്ന് മുന്നറിയിപ്പ് നൽകി. കേന്ദ്രത്തിന്റെ പദ്ധതികൾ പേരുമാറ്റി അവതരിപ്പിക്കുന്ന സ്റ്റാർട്ട് അപ്പ് ആണ് പിണറായി വിജയൻ കേരളത്തിൽ നടത്തുന്നതെന്ന് അമിത് ഷാ പരിഹസിച്ചു.
കേന്ദ്രത്തിന്റെ ഭവന നിർമ്മാണ പദ്ധതിയെ ലൈഫ് മിഷനായും ദേശീയപാത വികസനത്തെ സംസ്ഥാനത്തിന്റേതായും ചിത്രീകരിച്ച് പിണറായി വിജയൻ ചിത്രം വയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന് പുറത്ത് കോൺഗ്രസും സിപിഎമ്മും പ്രണയിതാക്കളാണെന്നും എന്നാൽ കേരളത്തിൽ അവർ ശത്രുക്കളായി അഭിനയിക്കുകയാണ്.
പോപ്പുലർ ഫ്രണ്ടിനെതിരെ ശക്തമായ നടപടിയെടുത്തത് കേന്ദ്ര സർക്കാരാണെന്നും അമിത് ഷാ ഓർമ്മിപ്പിച്ചു. 2014ൽ 14 ശതമാനമായിരുന്ന എൻഡിഎയുടെ വോട്ട് വിഹിതം 2024ൽ 20 ശതമാനമായി ഉയർന്നത് കേരളം ഭാവിയിൽ ബിജെപി ഭരിക്കുമെന്നതിന്റെ സൂചനയാണെന്ന് അമിത് ഷാ അവകാശപ്പെട്ടു.